ദേ... പിന്നെയും; ഒരോവറിൽ ആറ് പന്തും സിക്സ്; ഇത്തവണ ശ്രീലങ്കൻ താരത്തിന്റെ ബാറ്റിൽ നിന്ന് (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 10:28 PM |
Last Updated: 29th March 2021 10:28 PM | A+A A- |

തിസാര പെരേര/ ട്വിറ്റർ
കൊളംബോ: ഒരോവറിൽ ആറ് പന്തുകളും സിക്സർ പറത്തി മറ്റൊരു താരം കൂടി. ശ്രലങ്കയുടെ തിസാര പെരേരയാണ് പുതിയതായി പട്ടികയിലെത്തിയ താരം. നേട്ടത്തിനൊപ്പം മറ്റൊരു റെക്കോർഡും പെരേര സ്വന്തമാക്കി. ഒരോവറിൽ ആറ് സിക്‌സുകൾ നേടുന്ന ആദ്യ ശ്രീലങ്കൻ ക്രിക്കറ്റ് താരം എന്ന റെക്കോർഡാണ് പെരേര സ്വന്തമാക്കിയത്.
ശ്രീലങ്കയിലെ ആഭ്യന്തര മത്സരത്തിനിടെയാണ് താരത്തിന്റെ വെടിക്കെട്ട്. ലിസ്റ്റ് എ ടൂർണമെന്റിൽ ശ്രീലങ്ക ആർമി ടീമിന് വേണ്ടിയാണ് പെരേരയുടെ പ്രകടനം. ടീമിന്റെ ക്യാപ്റ്റൻ കൂടിയായ താരം ബ്ലൂംഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‌ലറ്റിക് ക്ലബിനെതിരെ 13 പന്തുകളിൽ നിന്ന് 52 റൺസാണ് അടിച്ചെടുത്തത്.
പാർട് ടൈം ഓഫ് സ്പിന്നർ ദിൽഹാൻ കൂറായ് എറിഞ്ഞ 42-ാം ഓവറിലാണ് പെരേര ആറ് സിക്‌സുകൾ പായിച്ചത്. 13 പന്തുകളിൽ നിന്ന് അർധ ശതകം നേടിയ താരം ശ്രീലങ്ക ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അർധ സെഞ്ച്വറിയെന്ന നേട്ടവും സ്വന്തം പേരിൽ ചേർത്തു. 2005-ൽ 12 പന്തുകളിൽ നിന്നു അർധ സെഞ്ച്വറി നേടിയ ഓൾറൗണ്ടർ കൗസല്യ വീരരത്‌നെയുടെ പേരിലാണ് ഏറ്റവും വേഗതയേറിയ ശ്രീലങ്കക്കാരന്റെ അർധ ശതകം.
ഒരോവറിൽ ആറ് സിക്‌സുകൾ പായിക്കുന്ന ലോകത്തിലെ ഒൻപതാം താരമാണ് പെരേര. ഗാരിഫീൽഡ് സോബേഴ്‌സ്, രവിശാസ്ത്രി, ഹർഷെൽ ഗിബ്‌സ്, യുവരാജ് സിങ്, റോസ് വൈറ്റ്‌ലി, ഹസ്രത്തുള്ള സസായ്, ലിയോ കാർട്ടർ, കെയ്റോൺ പൊള്ളാർഡ് എന്നിവരാണ് നേട്ടം മുൻപ് കരസ്ഥമാക്കിയവർ.