‘ഇവർക്കല്ലേ വിജയത്തിന്റെ ക്രെഡിറ്റ്? ശാർദുലിനും ഭുവിയ്ക്കും എന്തുകൊണ്ട് പുരസ്കാരമില്ല‘- അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വിരാട് കോഹ്‌ലി

‘ഇവർക്കല്ലേ വിജയത്തിന്റെ ക്രെഡിറ്റ്? ശാർദുലിനും ഭുവിയ്ക്കും എന്തുകൊണ്ട് പുരസ്കാരമില്ല‘- അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വിരാട് കോഹ്‌ലി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പുനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം പോരാട്ടം ഏഴ് റൺസിന് വിജയിച്ച് ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കി ട്രിപ്പിൾ തികച്ചിരുന്നു. മത്സരത്തിന് പിന്നാലെ മാൻ ഓഫ് ദ് മാച്ച്, മാൻ ഓഫ് ദ് സീരീസ് പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുത്ത താരങ്ങളുടെ കാര്യത്തിൽ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. 

മത്സര ശേഷം സംസാരിക്കുമ്പോഴാണ് ഇരു പുരസ്കാരങ്ങൾക്കും തിരഞ്ഞെടുത്ത താരങ്ങളുടെ കാര്യത്തിൽ കോഹ്‌ലി അതൃപ്തി പരസ്യമാക്കിയത്. ഇം​ഗ്ലണ്ട് താരങ്ങളായ സാം കറൻ, ജോണി ബെയർസ്റ്റോ എന്നിവർക്കാണ് മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. 

മത്സരത്തിൽ ബാറ്റു കൊണ്ടും പന്തു കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ശാർദുൽ ഠാക്കൂറിന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നൽകാതിരുന്നതാണ് കോഹ്‌ലിയുടെ അതൃപ്തിക്കു പിന്നിൽ. പരമ്പരയിലുടനീളം ഇന്ത്യൻ ബൗളിങ്ങിന്റെ ആണിക്കല്ലായി നിന്ന പേസർ ഭുവനേശ്വർ കുമാറിനെ മാൻ ഓഫ് ദ് സീരീസ് പുരസ്കാരത്തിന് തിരഞ്ഞെടുക്കാതിരുന്നതിലും ക്യാപ്റ്റൻ വിയോജിപ്പ് പ്രകടമാക്കി.

‘ശാർദുൽ ഠാക്കൂർ മാൻ ഓഫ് ദ് മാച്ചായും ഭുവനേശ്വർ കുമാർ മാൻ ഓഫ് ദ് സീരീസായും തിരഞ്ഞെടുക്കപ്പെടാത്തത് സത്യത്തിൽ വിസ്മയിപ്പിച്ചു. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലും മികവോടെ പന്തെറിഞ്ഞ ഇവർക്കല്ലേ വിജയത്തിന്റെ ക്രെഡിറ്റ്?’ – കോഹ്‌ലി ചോദിച്ചു.

ഒരുവേള 300 കടക്കുമോയെന്ന് സംശയിച്ച ഇന്ത്യൻ ബാറ്റിങ്ങിനെ 21 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 30 റൺസെടുത്ത് തോളേറ്റിയ ഠാക്കൂർ, പിന്നീട് നാല് വിക്കറ്റുമെടുത്തു. 10 ഓവറിൽ 67 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഠാക്കൂറായിരുന്നു വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ.

ഇന്ത്യയുടെ പരമ്പര വിജയത്തിന്റെ മുഖ്യശിൽപിയായ ഭുവനേശ്വർ കുമാർ, ബൗളർമാരെ തെല്ലും തുണയ്ക്കാത്ത പിച്ചിലും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. ആറ് വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമനാകാനും കഴിഞ്ഞു. മുന്നിലുള്ളത് ഏഴു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ ശാർദുൽ ഠാക്കൂർ മാത്രം. പരമ്പരയിൽ മികച്ച ബൗളിങ് ശരാശരിയും മികച്ച ഇക്കോണമിയുമെല്ലാം ഭുവിയുടെ പേരിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com