10 വര്‍ഷത്തിന് ശേഷം സെര്‍ജിയോ അഗ്യുറോ മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നു; ഇത് അവസാന സീസണ്‍

മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ അവസാനിക്കുന്ന ഈ സീസണോടെ ക്ലബ് വിടുമെന്ന് അഗ്യുറോ വ്യക്തമാക്കി
സെര്‍ജിയോ അഗ്യുറോ/ഫയല്‍ ചിത്രം
സെര്‍ജിയോ അഗ്യുറോ/ഫയല്‍ ചിത്രം

ലണ്ടന്‍: 10 വര്‍ഷത്തിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോര്‍ഡ് ഗോള്‍ വേട്ടക്കാരന്‍ ക്ലബ് വിടുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ അവസാനിക്കുന്ന ഈ സീസണോടെ ക്ലബ് വിടുമെന്ന് അഗ്യുറോ വ്യക്തമാക്കി. 

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി 257 ഗോളുകളാണ് അഗ്യുറോയുടെ അക്കൗണ്ടിലുള്ളത്. ഇതില്‍ 2011-12 സീസണിലെ അവസാന ദിനം ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിനെതിരെ ഗോള്‍ വല കുലുക്കി 44 വര്‍ഷമായി തുടര്‍ന്ന ക്ലബിന്റെ ലീഗ് കിരീട വരള്‍ച്ച അവസാനിപ്പിച്ചതാണ് ശ്രദ്ധേയം. 

കഴിഞ്ഞ സീസണുകളിലായി പരിക്കാണ് അഗ്യുറോയെ പിന്നോട്ട് വലിച്ചത്. ഈ സീസണില്‍ സിറ്റിക്ക് വേണ്ടി ഇതുവരെ കളിച്ചത് 14 മത്സരങ്ങള്‍ മാത്രം. ഈ വര്‍ഷം മാര്‍ച്ച് 13ന് ഫുള്‍ഹാമിനെതിരെ ഗോള്‍വല കുലുക്കി അഗ്യുറോ പ്രീമിയര്‍ ലീഗിലെ തന്റെ 181ാം ഗോളിലേക്കെത്തി. എന്നാല്‍ 2020 ജനുവരിക്ക് ശേഷമുള്ള അഗ്യുറോയുടെ ആദ്യ ഗോളായിരുന്നു അത്. 

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കഴിഞ്ഞ 10 വര്‍ഷം കളിക്കാനായതില്‍ അഭിമാനവും ആത്മസംതൃപ്തിയുമുണ്ടെന്ന് അഗ്യുറോ പറഞ്ഞു. അഗ്യുറോയ്ക്കുള്ള ആദരവായി സ്റ്റാന്‍ഡില്‍ താരത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ അല്‍ മുബാറക് പറഞ്ഞു. 

2011ലാണ് അത്‌ലറ്റിക്കോയില്‍ നിന്ന് അഗ്യുറോ സിറ്റിയിലേക്ക് എത്തുന്നത്. തുടരെ ആറ് സീസണുകളില്‍ ഓരോ സീസണിലും 28 ഗോളുകളെങ്കിലും അഗ്യുറോ നേടി. പ്രീമിയര്‍ ലീഗ് ഗോള്‍ വേട്ടയില്‍ മുന്‍പില്‍ നില്‍ക്കുന്ന വിദേശ താരമാണ് അഗ്യുറോ. പ്രീമിയര്‍ ലീഗിലെ ഗോള്‍ വേട്ടയില്‍ നാലാം സ്ഥാനത്തും. 12 ഹാട്രിക്കുകള്‍ അര്‍ജന്റീനിയന്‍ താരത്തിന്റെ പേരിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com