ഒരൊറ്റ ഐപിഎല്‍ സീസണില്‍ 1000 റണ്‍സ്; റോബിന്‍ ഉത്തപ്പ രണ്ടും കല്‍പ്പിച്ചാണ് 

'ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് കൂടുതല്‍ മികവോടെ കളിക്കാന്‍ ആഗ്രഹിക്കുന്നത്'
റോബിന്‍ ഉത്തപ്പ/ഫയല്‍ ചിത്രം
റോബിന്‍ ഉത്തപ്പ/ഫയല്‍ ചിത്രം

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒപ്പമാണ് ഈ സീസണില്‍ റോബിന്‍ ഉത്തപ്പ. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മികവ് കാണിക്കാന്‍ ഉത്തപ്പയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഈ സീസണില്‍ വലിയ ലക്ഷ്യങ്ങള്‍ മുന്‍പില്‍ വെച്ചാണ് ഉത്തപ്പ ഇറങ്ങുന്നത്. 

ഒരൊറ്റ ഐപിഎല്‍ സീസണില്‍ 1000 റണ്‍സ് നേടുക എന്ന ലക്ഷ്യമാണ് മുന്‍പിലുള്ളതെന്ന് റോബിന്‍ ഉത്തപ്പ പറഞ്ഞു. ഐപിഎല്ലില്‍ ആദ്യമായി ഒരു സീസണില്‍ 1000 റണ്‍സ് കണ്ടെത്തുന്ന താരമാവാനാണ് ആഗ്രഹിക്കുന്നതെന്ന് ഉത്തപ്പ പറഞ്ഞു. 973 റണ്‍സ് ആണ് ഒരു ഐപിഎല്‍ സീസണില്‍ ബാറ്റ്‌സ്മാന്‍ നേടിയ ഉയര്‍ന്ന റണ്‍സ്. വിരാട് കോഹ് ലിയുടെ പേരിലാണ് ഈ റെക്കോര്‍ഡ്. 

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് കൂടുതല്‍ മികവോടെ കളിക്കാന്‍ ആഗ്രഹിക്കുന്നത്. കരുത്തരായ എതിരാളികളാണ് അവര്‍. മുംബൈയെ തോല്‍പ്പിക്കുന്നതിലൂടെ മറ്റ് ടീമുകള്‍ക്ക് സന്ദേശം നല്‍കാന്‍ കഴിയും. എന്റെ ടീമിന് വേണ്ടി കഴിയുന്നത്ര വിജയങ്ങള്‍ക്കായി സംഭാവന നല്‍കുകയാണ് ലക്ഷ്യമെന്നും ഉത്തപ്പ പറഞ്ഞു. 

2014 ആണ് റോബിന്‍ ഉത്തപ്പയുടെ ഐപിഎല്ലിലെ മികച്ച സീസണുകളില്‍ ഒന്ന്. 660 റണ്‍സ് ആണ് ഇവിടെ ഉത്തപ്പ സ്‌കോര്‍ ചെയ്തത്. ഡൊമസ്റ്റിക് സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ വലിയ മികവ് കാണിച്ചാണ് റോബിന്‍ ഉത്തപ്പ ഐപിഎല്ലിലേക്ക് വരുന്നത് എന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com