ബൂമ്ര ചെയ്തിരുന്ന എല്ലാം ഭുവനേശ്വര്‍ കുമാറും ചെയ്തു; ഇനി ശ്രദ്ധിക്കേണ്ടത് ആരോഗ്യം മാത്രം: അജയ് ജഡേജ
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2021 01:38 PM |
Last Updated: 30th March 2021 01:38 PM | A+A A- |

സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ഭുവി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ന്യൂഡല്‍ഹി: ബൂമ്ര ചെയ്ത് പോന്നിരുന്ന എല്ലാ ഉത്തരവാദിത്വവും ഭുവനേശ്വര്‍ കുമാറും നിറവേറ്റിയതായി ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. തന്റെ ആരോഗ്യം സംരക്ഷിക്കുക മാത്രമാണ് ഭുവനേശ്വര്‍ കുമാര്‍ ഇനി ചെയ്യേണ്ടത് എന്ന് അജയ് ജഡേജ പറഞ്ഞു.
ന്യൂബോള്‍ എറിയുന്നതിന് പുറമെ, വിക്കറ്റ് വേണ്ട സമയത്തും, ഡെത്ത് ഓവറുകളില്‍ സമ്മര്‍ദം നിറയ്‌ക്കേണ്ട സമയത്തും ടീമിനെ തുണയ്ക്കാന്‍ ഭുവിക്കായി. ആക്രമണോത്സുകതയാണ് എല്ലായ്‌പ്പോഴും ഫാസ്റ്റ് ബൗളര്‍മാര്‍ക്കുള്ളിലുണ്ടാവുന്നത്. എന്നാല്‍ ഭുവിയുടെ ചിന്തകളും അവിടെ പ്രവര്‍ത്തിക്കുന്നു. ആക്രമണോത്സുകത മാത്രമല്ല, തന്റെ ചിന്തകളും ഭുവി ഇവിടെ ഉപയോഗപ്പെടുത്തുന്നു. തന്റെ പരിചയസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഭുവിയെന്നും അജയ് ജഡേജ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെയാണ് ഭുവി പരിക്കിന് ശേഷം തിരിച്ചെത്തിയത്. ടി20യിലും ഏകദിനത്തിലും മികവ് കാണിക്കാന്‍ ഭുവിക്കായി. എന്തുകൊണ്ട് ഭുവിയെ മാന്‍ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുത്തില്ല എന്ന ചോദ്യവുമായി ഏകദിന പരമ്പരയ്ക്ക് ശേഷം നായകന്‍ വിരാട് കോഹ്‌ലി തന്നെ രംഗത്തെത്തിയിരുന്നു.
എന്തുകൊണ്ട് ഭുവിയെ പരമ്പരയുടെ താരമായി തെരഞ്ഞെടുത്തില്ല എന്ന ചോദ്യവുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണും എത്തി. വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരമാവും ഭുവി എന്നാണ് വിലയിരുത്തപ്പെടുന്നത്. പരിക്കിലേക്ക് വീണ്ടും വീഴാതിരിക്കുക എന്നതാണ് ഭുവിക്ക് മുന്‍പില്‍ ഇനിയുള്ള വെല്ലുവിളി.