ഞാന്‍ ക്യാപ്റ്റനും സംഗക്കാര കോച്ചും, ഏറെ പ്രത്യേകതയുള്ള ബന്ധം: സഞ്ജു സാംസണ്‍

അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ സാധിക്കുന്നത് വലിയ അംഗീകാരമായി കാണുന്നതായും സഞ്ജു പറഞ്ഞു
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം

മുംബൈ: ശ്രീലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് സന്തോഷിപ്പിക്കുന്നതായി സഞ്ജു സാംസണ്‍. അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ സാധിക്കുന്നത് വലിയ അംഗീകാരമായി കാണുന്നതായും സഞ്ജു പറഞ്ഞു. 

രാജസ്ഥാന്‍ റോയല്‍സിലേക്ക് സംഗ എത്തുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ വലിയ സന്തോഷമായി. ഞാന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോള്‍ അദ്ദേഹം പരിശീലനാവുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ആ ബന്ധം വളരെയധികം പ്രത്യേകതകളുള്ളതാവും. സംഗയെ കാണാനും ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുമായി കാത്തിരിക്കുകയാണ്. 

18 വയസുള്ളപ്പോള്‍ ഞാന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായതാണ്. ഇപ്പോള്‍ എനിക്ക് 26 വയസായി. ടീമാണ് എനിക്ക് ക്യാപ്റ്റന്‍സി എന്ന റോള്‍ നല്‍കിയത്. വിസ്മയത്തോടെയാണ് അതിനെ നോക്കി കാണുന്നത് എന്നും സഞ്ജു പറഞ്ഞു. 2021 സീസണിന് മുന്‍പായാണ് സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. 

കഴിഞ്ഞ സീസണില്‍ ടീമിനെ നേട്ടത്തിലേക്ക് എത്തിക്കുന്നതില്‍ സ്റ്റീവ് സ്മിത്ത് പരാജയപ്പെട്ടു. മാത്രമല്ല ബാറ്റിങ്ങിലും സ്മിത്ത് നിരാശപ്പെടുത്തിയതോടെ 2021 സീസണിന് മുന്‍പായി രാജസ്ഥാന്‍ സ്മിത്തിനെ റിലീസ് ചെയ്തു. ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് രണ്ട് കോടി രൂപയ്ക്ക് സ്മിത്തിനെ ഈ സീസണില്‍ സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com