ഭിന്നതകള്‍ പറഞ്ഞു തീര്‍ത്തു, മുന്‍കൈയെടുത്തത് രവി ശാസ്ത്രി; രോഹിത്തും കോഹ്‌ലിയും കൂടുതല്‍ അടുത്തു

ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങളാണ് ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകിയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്
രോഹിത്, വിരാട് കോഹ്‌ലി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
രോഹിത്, വിരാട് കോഹ്‌ലി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: ക്വാറന്റൈന്‍ നാളുകളും, കോച്ച് രവി ശാസ്ത്രിയുടെ ഇടപെടലും കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും ഇടയിലുള്ള വിള്ളലുകള്‍ നികത്തിയതായി റിപ്പോര്‍ട്ട്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങളാണ് ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകിയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഒരു മേശയ്ക്കപ്പുറവും ഇപ്പുറവും ഇരുന്ന് തങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇരുവരും സംസാരിച്ച് തീര്‍ത്തതായാണ് സൂചന. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരായ വലിയ പരമ്പര നേട്ടത്തിനൊപ്പം ഇന്ത്യന്‍ ടീമിലുണ്ടായ പൊസിറ്റീവ് മാറ്റം ഇതാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ക്വാറന്റൈനിനുള്ളിലെ സമയം ഇരുവര്‍ക്കും ഇടയിലെ അടുപ്പം കൂട്ടി. ഇപ്പോഴാണ് അവര്‍ കൂടുതല്‍ സൗഹൃദത്തിലായത്. മുന്‍പത്തേതിനേക്കാള്‍ അവര്‍ ഇപ്പോള്‍ പരസ്പരം മനസിലാക്കുന്നു. കഴിഞ്ഞ നാല് മാസത്തിന് ഇടയില്‍ ടീമിലുണ്ടായ വലിയ മാറ്റമാണ് ഇതെന്നും ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു. 

കോഹ് ലി-രോഹിത് പോര് ഏറെ നാളായി ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഇരുവര്‍ക്കുമിടയിലുണ്ടെന്ന് വ്യക്തമായിരുന്നു എങ്കിലും പ്രശ്‌നപരിഹാരം സാധ്യമായിരുന്നില്ല. കോവിഡ് കാലത്തെ ക്വാറന്റൈന്‍ കളിക്കാരെ മാനസികമായി ഉലയ്ക്കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇവിടെ കളിക്കാര്‍ തമ്മിലുള്ള അടുപ്പം കൂടാനും ക്വാറന്റൈന്‍ വഴിയൊരുക്കിയിരിക്കുന്നു. 

ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ രോഹിത്തിനൊപ്പം കോഹ് ലിയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് ഇറങ്ങിയത്. കാലിന് പരിക്കേറ്റ് കോഹ് ലി ഗ്രൗണ്ട് വിട്ടപ്പോള്‍ രോഹിത്ത് ഇന്ത്യയെ നയിക്കുകയും ചെയ്തു. ഏകദിന പരമ്പരയില്‍ കോഹ് ലി ഗ്രൗണ്ടില്‍ കാര്യങ്ങള്‍ രോഹിത്തുമായും നിരന്തരം ചര്‍ച്ച ചെയ്യുന്നത് കാണാമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com