റിഷഭ് പന്ത് ഇന്ത്യയുടെ അടുത്ത സൂപ്പര്‍ സ്റ്റാര്‍: വീരേന്ദര്‍ സെവാഗ്‌

തന്റെ ആദ്യ നാളുകളെ ഓര്‍മിപ്പിക്കുകയാണ് റിഷഭ് പന്തിന്റെ ഇപ്പോഴത്തെ കളിയെന്ന് സെവാഗ് പറഞ്ഞു
റിഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
റിഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെ പ്രശംസയില്‍ മൂടി മുന്‍ താരം വീരേന്ദര്‍ സെവാഗ്. തന്റെ ആദ്യ നാളുകളെ ഓര്‍മിപ്പിക്കുകയാണ് റിഷഭ് പന്തിന്റെ ഇപ്പോഴത്തെ കളിയെന്ന് സെവാഗ് പറഞ്ഞു. 

ഈ പരമ്പരയിലൂടെ വന്ന ഏറ്റവും വലിയ പോസിറ്റീവ് ഘടകം റിഷഭ് പന്താണ്. ഏകദിനത്തില്‍ മധ്യഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ രണ്ടാം പവര്‍പ്ലേയില്‍ അത് വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ പന്തിന് കഴിഞ്ഞു. എന്റെ ആദ്യ നാളുകളാണ് റിഷഭ് പന്തിലൂടെ ഓര്‍മ വരുന്നത്. മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്നത് പന്തിന് വിഷയമല്ല. ക്രീസിലേക്ക് ഇറങ്ങി ബാറ്റ് ചെയ്യുന്നു...സെവാഗ് പറഞ്ഞു. 

70-80 റണ്‍സുകള്‍ നൂറിലേക്ക് എത്തിക്കാന്‍ പഠിച്ചാല്‍ റിഷഭ് പന്ത് ഇന്ത്യയുടെ അടുത്ത സൂപ്പര്‍ സ്റ്റാറാവും. നല്ല വിക്കറ്റിലാണ് പന്ത് ബാറ്റ് ചെയ്തത്. ഗ്രൗണ്ടും ചെറുതുമായിരുന്നു. ചിലപ്പോള്‍ സ്ലോ വിക്കറ്റുകള്‍ ലഭിക്കും. അവിടെ ഇതുപോലെ നിങ്ങളുടെ ഷോട്ടുകള്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ല. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ പന്ത് എങ്ങനെ കളിക്കുന്നു എന്നതാണ് ഇനി കാണേണ്ടത്. 

കഴിഞ്ഞ ഐപിഎല്ലില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ പന്ത് എന്തോ മാറ്റം പരീക്ഷിച്ചു. അതിനാലാണ് ടെസ്റ്റില്‍ സ്‌കോര്‍ ചെയ്യാനായത്. ഏകദിനത്തിലും, ടി20യിലും അവസാനം വരെ ക്രീസില്‍ നില്‍ക്കാന്‍ പഠിച്ചാല്‍, തന്റെ പ്രാപ്തി പൂര്‍ണമായും പ്രയോജനപ്പെടുത്തിയാല്‍ വൈറ്റ്‌ബോള്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാറാവും പന്ത്, സെവാഗ് പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും, ടി20യിലും, ഏകദിനത്തിലും പന്ത് മികവ് കാണിച്ചു. രണ്ടാം ഏകദിനത്തില്‍ 40 പന്തില്‍ നിന്ന് അടിച്ചുകൂട്ടിയത് 77 റണ്‍സ്. മൂന്നാം ഏകദിനത്തില്‍ 62 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയും പന്ത് ടീമിനെ നിര്‍ണായക ഘട്ടത്തില്‍ താങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com