10,000 ഏകദിന റണ്‍സിലേക്ക് സച്ചിന്‍ ബാറ്റ് വീശിയ ദിവസം; ആ ചരിത്ര നേട്ടത്തിന് ഇന്ന് 20 വയസ് 

2001 മാര്‍ച്ച് 31നാണ് ഏകദിന ക്രിക്കറ്റില്‍ ഒരാള്‍ ചരിത്രത്തിലാദ്യമായി 10000 റണ്‍സ് തികച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ കൊടുമുടി സൃഷ്ടിച്ചാണ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കളം വിട്ടത്. ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന സച്ചിന്റെ റെക്കോര്‍ഡ് കുമ്പാരത്തിലെ ഒരു സുപ്രധാന നേട്ടം പിറന്നിട്ട് ഇന്ന് 20 വര്‍ഷം. 2001 മാര്‍ച്ച് 31നാണ് ഏകദിന ക്രിക്കറ്റില്‍ ഒരാള്‍ ചരിത്രത്തിലാദ്യമായി 10000 റണ്‍സ് തികച്ചത്. 

ഇന്‍ഡോറിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരായ കളിയിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആ നാഴികക്കല്ല് പിന്നിടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമായത്. മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. ലക്ഷ്മണിനൊപ്പം ചേര്‍ന്ന് സച്ചിന്‍ എതിരാളികളെ ക്രൂശിച്ചു. 

199 റണ്‍സിന്റെ കൂട്ടുകെട്ടാണ് സച്ചിനും ലക്ഷ്മണും ചേര്‍ന്ന് തീര്‍ത്തത്. ഇവിടെ സച്ചിന്‍ സെഞ്ചുറി പിന്നിട്ടതിനൊപ്പം ഏകദിനത്തില്‍ 10,000 റണ്‍സിലേക്ക് എത്തുന്ന ആദ്യ ബാറ്റ്‌സ്മാനുമായി. 259 ഏകദിന ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്റെ നേട്ടം. 139 റണ്‍സാണ് അവിടെ ഓസ്‌ട്രേലിയക്കെതിരെ സച്ചിന്‍ സ്‌കോര്‍ ചെയ്തത്. 

സച്ചിന്റെ സെഞ്ചുറി മികവില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ കണ്ടെത്തിയത് 299 റണ്‍സ്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി അഗാര്‍ക്കറും ഹര്‍ഭജന്‍ സിങ്ങും ഓസ്‌ട്രേലിയയെ 181 റണ്‍സിന് തകര്‍ത്തിട്ടു. ഇന്ത്യക്ക് 118 റണ്‍സിന്റെ കൂറ്റന്‍ ജയവും. 

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന റെക്കോര്‍ഡ് ഇപ്പോഴും സച്ചിന്റെ പേരിലാണ്. 18,426 റണ്‍സ് ഏകദിനത്തിലും, 15,921 റണ്‍സ് ടെസ്റ്റിലും. കളിച്ച ഒരേയൊരു ടി20യില്‍ സ്‌കോര്‍ 10 റണ്‍സ്. 100 രാജ്യാന്തര സെഞ്ചുറികള്‍ എന്നതാണ് മറ്റാര്‍ക്കും ഇതുവരെ എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ്. 51 ഏകദിന സെഞ്ചുറിയും, 49 ടെസ്റ്റ് സെഞ്ചുറിയുമാണ് 2013ല്‍ വിരമിക്കുമ്പോള്‍ സച്ചിന്റെ പേരിലുണ്ടായിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com