ഡല്‍ഹിയെ നയിക്കുകയെന്നത് സ്വപ്‌നം, മനസില്‍ രഹസ്യമായി സൂക്ഷിച്ചിരുന്നു: റിഷഭ് പന്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2021 10:09 AM |
Last Updated: 31st March 2021 10:09 AM | A+A A- |
റിഷഭ് പന്ത്/ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: മൂന്ന് ഫോര്‍മാറ്റിലേക്കുമുള്ള മടങ്ങി വരവ്. മിന്നും ഫോം. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്ന വിലയിരുത്തലുകള്‍ വീണ്ടും ക്രിക്കറ്റ് ലോകത്തിന് മുകളില്‍. ഈ സമയം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായക സ്ഥാനം കൂടി റിഷഭ് പന്തിന്റെ കൈകളിലേക്ക്...ഏറെ നാള്‍ മനസില്‍ രഹസ്യമായി സൂക്ഷിച്ച് നടന്ന സ്വപ്‌നമായിരുന്നു ഇതെന്നാണ് പന്ത് പറയുന്നത്.
ഡല്‍ഹിയിലാണ് ഞാന്‍ വളര്‍ന്നത്. ആറ് വര്‍ഷം മുന്‍പ് ഇവിടെയാണ് എന്റെ ഐപിഎല്‍ യാത്ര ആരംഭിച്ചത്. ഈ ടീമിനെ ഒരിക്കല്‍ നയിക്കണം എന്ന സ്വപ്‌നം ഏറെ നാളായി മനസില്‍ സൂക്ഷിച്ചിരുന്നു. ഇന്ന് അത് യാഥാര്‍ഥ്യമായി. ക്യാപ്റ്റന്‍സിക്ക് ഞാന്‍ പ്രാപ്തനായിരിക്കും എന്ന് തീരുമാനിച്ച ടീം ഉടമകളോട് നന്ദി പറയുന്നു, റിഷഭ് പന്ത് പറഞ്ഞു.
മികച്ച കോച്ചിങ് സ്റ്റാഫുകളുടേയും സീനിയര്‍ താരങ്ങളുടേയും ഒപ്പം നിന്ന് എന്റെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും പന്ത് പറഞ്ഞു. 2019 ലോകകപ്പിന് ശേഷമാണ് ഇന്ത്യന്‍ ടീമിലെ പന്തിന്റെ സ്ഥാനം പരുങ്ങലിലായത്. ഫോം പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് ഫോര്‍മാറ്റിലും സ്ഥാനം ഉറപ്പിക്കാന്‍ പന്തിനായില്ല.
2020 ഐപിഎല്‍ സീസണിലും വലിയ മികവ് പന്തില്‍ നിന്ന് വന്നില്ല. ഇവിടെ പന്തിന്റെ ഫിറ്റ്‌നസും വലിയ തോതില്‍ ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്പരയിലെ പ്രകടനത്തോടെ മൂന്ന് ഫോര്‍മാറ്റിലും തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് പന്ത് ഇന്ത്യന്‍ ടീമില്‍.