'ഹോട്ട്സ്പോട്ടുകളിൽ ഫീൽഡ് ചെയ്യാം, ഡബിൾസ് ഓടിയെടുക്കാം, പിന്നെ എന്തിനാണ് വിരമിക്കുന്നത്?'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2021 03:02 PM  |  

Last Updated: 01st May 2021 03:02 PM  |   A+A-   |  

shoib_malik

ഷുഐബ് മാലിക്/ഫയല്‍ ചിത്രം

 

ലാഹോർ: വിരമിക്കൽ മുറവിളികൾ തള്ളി പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷുഐബ് മാലിക്. തന്റെ ഫിറ്റ്നസ് ചൂ‌ണ്ടിയാണ് മാലിക്കിന്റെ പ്രതികരണം. ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും തനിക്ക് സാധിക്കുമെന്ന് മാലിക് പറഞ്ഞു.

ഞാൻ വളരെ വ്യക്തമായി ഒരു കാര്യം ഇവിടെ പറയുകയാണ്. ഇതുവരെ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. കാരണം കളിക്കാനുള്ള ഫിറ്റ്നസ് എനിക്കുണ്ട്. എനിക്ക് ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനുമാവും. ചില ലീ​ഗുകളുമായി രണ്ട് വർഷത്തെ കരാറിൽ ഞാൻ ഒപ്പുവെച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ലോകകപ്പിന് ശേഷം ഞാൻ വിരമിക്കുമോ എന്ന ചോദ്യം ഉയരുന്നത്, മാലിക്ക് പറഞ്ഞു. 

ഹോട്ട്സ്പോട്ടുകളിൽ ഫീൽഡ് ചെയ്യാൻ എനിക്കാവും. രണ്ട് റൺസ് ഓടിയെടുക്കാനാവും. ബൗൾ ചെയ്യേണ്ട ഘട്ടം വരുമ്പോൾ ബൗൾ ചെയ്യാൻ എനിക്കാവും. ഞാൻ നന്നായി ബാറ്റ് ചെയ്യുന്നുമുണ്ട്. ഉയർന്ന നിലവാരത്തിലാണ് എന്റെ ഫിറ്റ്നസ് എന്നും പാക് ബാറ്റ്സ്മാൻ പറഞ്ഞു. 

ഷോർട്ട് ഫോർമാറ്റിലാണ് മാലിക്ക് ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത് എങ്കിലും കഴിഞ്ഞ വർഷം മുതൽ പാകിസ്ഥാന്റെ ടി20 ടീമിന്റെ ഭാ​ഗമല്ല മാലിക്ക്. ടീമിലേക്ക് തിരികെ എത്തിയാൽ നാലാം സ്ഥാനത്ത് തന്നെയാവും താൻ ബാറ്റ് ചെയ്യുക എന്നും നേരത്തത്തേത് പോലെ ബാറ്റിങ് പൊസിഷൻ മാറി നിൽക്കില്ലെന്നും മാലിക്ക് വ്യക്തമാക്കിയിട്ടുണ്ട്.