അമ്പമ്പോ, അമ്പാട്ടി! അടിച്ചെടുത്തത്  27 പന്തില്‍ 72 റണ്‍സ്; മുംബൈയ്ക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ചെന്നൈ

അമ്പമ്പോ, അമ്പാട്ടി! അടിച്ചെടുത്തത്  27 പന്തില്‍ 72 റണ്‍സ്; മുംബൈയ്ക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ചെന്നൈ
അമ്പാട്ടി റായിഡുവിന്റെ ബാറ്റിങ്/ ട്വിറ്റർ
അമ്പാട്ടി റായിഡുവിന്റെ ബാറ്റിങ്/ ട്വിറ്റർ

ന്യൂഡല്‍ഹി: അമ്പാട്ടി റായിഡുവിന്റെ മാരക ബാറ്റിങ് മികവില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു.

ഏഴ് കൂറ്റന്‍ സിക്‌സും നാല് ഫോറും സഹിതം 27 പന്തില്‍ 72 റണ്‍സ് വാരിയ അമ്പാട്ടി റായിഡുവിന്റെ കത്തിക്കയറിയ ബാറ്റിങാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അമ്പാട്ടി പുറത്താകാതെ നിന്നു. ജഡേജ 22 പന്തില്‍ 22 റണ്‍സുമായി റായിഡുവിന് കൂട്ടായി നിന്നു. 

ടോസ് നേടി മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ റുതുരാജ് ഗെയ്ക്‌വാദിനെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ മോയിന്‍ അലി, ഫാഫ് ഡുപ്ലെസിയുമായി ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് കൊണ്ടു പോയി. 

മോയിന്‍ അലി 36 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതം 58 റണ്‍സെടുത്തു. ഡുപ്ലെസി 28 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം 50 റണ്‍സെടുത്തു. ഡുപ്ലെസിയെ പൊള്ളാര്‍ഡും മോയിന്‍ അലിയെ ബുമ്‌റയും മടക്കി മുംബൈക്ക് ആശ്വാസം നല്‍കി. പിന്നാലെ എത്തിയ സുരേഷ് റെയ്‌നയ്ക്കും വലിയ ആയുസുണ്ടായി. 

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന അമ്പാട്ടി റായിഡു- ജഡേജ സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. അമ്പാട്ടി റായിഡു മാരക ഫോമില്‍ ബാറ്റ് വീശിയതോടെ മുംബൈ ബൗളര്‍മാര്‍ ഹതാശരായി. 

മുംബൈയ്ക്കായി പൊള്ളാര്‍ഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ബുമ്‌റ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com