മറഡോണയുടെ മരണം; രോ​ഗിയെ വിധിക്ക് വിട്ടുകൊടുത്തു, ചികിത്സാ പിഴവുണ്ടായി; കമ്മിഷൻ റിപ്പോർട്ട്

മരിക്കുന്നതിന് മുൻപുള്ള മറഡോണയുടെ അവസാന ദിവസങ്ങളെ കുറിച്ച് വിദ​ഗ്ധർ അടങ്ങിയ കമ്മിഷന്റെ കണ്ടെത്തലുകൾ അർജന്റീനിയൻ ദിനപത്രം പുറത്തുവിട്ടു
മറഡോണ/ഫയല്‍ ചിത്രം
മറഡോണ/ഫയല്‍ ചിത്രം

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മറഡോണയെ പരിചരിക്കുന്നതിൽ മെഡിക്കൽ സംഘം വീഴ്ച വരുത്തിയതായി ആരോപണം. മരിക്കുന്നതിന് മുൻപുള്ള മറഡോണയുടെ അവസാന ദിവസങ്ങളെ കുറിച്ച് വിദ​ഗ്ധർ അടങ്ങിയ കമ്മിഷന്റെ കണ്ടെത്തലുകൾ അർജന്റീനിയൻ ദിനപത്രം പുറത്തുവിട്ടു. 

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ലോകത്തെ കണ്ണീരിലാഴ്ത്തിയ മറഡോണയുടെ അപ്രതീക്ഷിത വിയോ​ഗം. തലച്ചോറിലെ രക്തം കട്ടപിടിക്കലിന് ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം വസതിയിൽ വിശ്രമിക്കവെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. മറഡോണയെ ചികിത്സിച്ച ഡോക്ടർക്കും മെഡിക്കൽ സംഘത്തിനും എതിരെ അന്ന് തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. മറഡോണയ്ക്ക് നൽകിയ ചികിത്സ അപര്യാപ്തവും വിവേകപൂർണവും ആയിരുന്നില്ല, രോ​ഗിയെ വിധിക്ക് വിടുകയാണ് ചെയ്തത് എന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ മികച്ച വൈദ്യസഹായം ലഭ്യമാക്കിയിരുന്നു എങ്കിൽ മറഡോണയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നില്ല. എന്നാൽ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വരാനുള്ള സാധ്യത കൂടുതലാവുമായിരുന്നു എന്ന് ഇതിൽ വ്യക്തമാക്കുന്നു. മറഡോണയുടെ മരണത്തിന് മുൻപുള്ള രണ്ടാഴ്ച കാലയളവിൽ അദ്ദേഹത്തിന് നൽകിയ ചികിത്സയിലുണ്ടായ പിഴവുകൾ കണ്ടെത്തുന്നതിനായിരുന്നു അന്വേഷണം. 

മ‌റഡോണയുടെ മെഡിക്കൽ സംഘത്തിൽ ഉൾപ്പെട്ടിരുന്ന ഏഴ് പേർക്കെതിരെ നരഹത്യ കുറ്റത്തിലാണ് സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം നടത്തുന്നത്. മറഡോണയ്ക്ക് നൽകിയ ചികിത്സയിൽ കുറവുകളും പിഴവുകളുമുണ്ടായിരുന്നതായി വിദ​ഗ്ധ സംഘം കണ്ടെത്തി. മെഡിക്കൽ, നഴ്സിങ്, തെറാപിസ്റ്റുകൾ വേണ്ടവിധം മറഡോണയെ നിരീക്ഷിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com