48 മണിക്കൂറിനുള്ളിൽ 5 കേസുകൾ, ബയോ ബബിളും തുരന്ന് കോവിഡെത്തി; വിദേശ താരങ്ങളുടെ മടക്കം പ്രയാസം

ഡൽഹി, അഹമ്മദാബാദ് വേദികളിലേക്ക് എത്തിയപ്പോഴേക്കും ബയോ ബബിൾ തുരന്ന് കോവിഡിന്റെ എൻട്രി
ഡിവില്ലിയേഴ്‌സ്, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം
ഡിവില്ലിയേഴ്‌സ്, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം

ന്യൂ‍ഡൽഹി: 48 മണിക്കൂറിന് ഇടയിൽ നാല് കളിക്കാർക്കും ഒരു സപ്പോർട്ട് സ്റ്റാഫ് അം​ഗത്തിനും കോവിഡ് പോസിറ്റീവായതോടെയാണ് ഐപിഎൽ പതിനാലാം സീസണിന് തിരശീല വീഴുന്നത്. കളിക്കാരുടേയും സ്റ്റാഫിന്റേയും ഐപിഎല്ലുമായി ബന്ധപ്പെട്ട് പ്രവർത്തിത്തിക്കുന്ന മറ്റെല്ലാവരുടേയും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് പറഞ്ഞ് ബിസിസിഐ ടൂർണമെന്റ് അവസാനിപ്പിക്കുമ്പോൾ പൂർത്തിയാക്കിയത് 60ൽ 29 മത്സരങ്ങൾ. 

ബാം​ഗ്ലൂരിനെതിരായ മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകൾ മാത്രം മുൻപ് കൊൽക്കത്തയുടെ മലയാളി താരം സന്ദീപ് വാര്യർക്കും വരുൺ ചക്രവർത്തിക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂർണമെന്റിന്റെ ​ഗതി മാറിയത്. ഇതോടെ മത്സരം ഉപേക്ഷിച്ചു. പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ബൗളിങ് കോച്ച് ലക്ഷ്മീപതി ബാലാജിക്കും കോവിഡ് സ്ഥിരീകരിച്ചു. 

സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാൻ സാഹയ്ക്കും ഡൽഹി സ്പിന്നർ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ നിയന്ത്രണവിധേയമല്ലെന്ന് വ്യക്തമായതോടെ ബിസിസിഐ ​ഗവേണിങ് കൗൺസിൽ ഐപിഎൽ സീസൺ റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് എത്തി. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും കുടുംബങ്ങൾക്കൊപ്പം ചേരുന്നതിനെ പിന്തുണയ്ക്കുന്നതായും കളിക്കാരെ നാട്ടിലെത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. 

ആറ് വേദികളിലായി ഐപിഎൽ നടത്തുകയായിരുന്നു ബിസിസിഐ ലക്ഷ്യം. മുംബൈയിലും ചെന്നൈയിലുമായി കളിച്ച ആദ്യ ഘട്ടത്തിൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപെട്ടു. എന്നാൽ ഡൽഹി, അഹമ്മദാബാദ് വേദികളിലേക്ക് എത്തിയപ്പോഴേക്കും ബയോ ബബിൾ തുരന്ന് കോവിഡ് എത്തി. കൊൽക്കത്തയും ബാം​ഗ്ലൂരുമായിരുന്നു മറ്റ് രണ്ട് വേദികൾ. നിലവിൽ ടൂർണമെന്റ് മാറ്റി വെക്കുകയാണെന്ന വിശദീകരണമാണ് ബിസിസിഐയിൽ നിന്ന് വരുന്നത്. എന്നാൽ മറ്റൊരു സമയം സീസണിലെ മത്സരങ്ങൾ പൂർത്തിയാക്കുന്നതിനായി കണ്ടെത്തുക ദുഷ്കരമാണ്. 

ഓസ്ട്രേലിയൻ കളിക്കാരുടെ മടക്കം എങ്ങനെയാവും എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിന്ന് വരുന്ന സ്വന്തം പൗരന്മാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിൽ അടക്കുമെന്ന നിലപാടാണ് ഓസ്ട്രേലിയ സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമാവുന്നു എന്ന് തിരിച്ചറിഞ്ഞതോടെ ഓസീസ് താരങ്ങളായ ആദം സാംപ, കെയ്ൻ റിച്ചാർഡ്സൻ, ആൻഡ്ര്യൂ തൈ എന്നിവർ നാട്ടിലേക്ക് മടങ്ങിയിരുന്നു. 60
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com