ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പിനും വെല്ലുവിളിയായി കോവിഡ്; ഇന്ത്യയില്‍ നിന്ന് വേദി മാറ്റിയേക്കും 

ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പിനും വെല്ലുവിളിയായി കോവിഡ്; ഇന്ത്യയില്‍ നിന്ന് വേദി മാറ്റിയേക്കും 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: കോവിഡ് വ്യാപന ഭീതിയില്‍ ഐപിഎല്‍ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പും ആശങ്കയില്‍. കോവിഡ് രണ്ടാം തരംഗം ശമിച്ചില്ലെങ്കില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ടൂര്‍ണമെന്റ് മാറ്റിയേക്കും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആ സമയത്ത് കോവിഡിന്റെ മൂന്നാം തരംഗ ഭീതി നിലനില്‍ക്കുന്നതാണ് വേദി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഒരു മാസത്തെ സമയം അധികൃതര്‍ക്ക് മുന്നിലുണ്ട്. ജൂണില്‍ നടക്കുന്ന ഐസിസി യോഗത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുക. 

യുഎഇ വേദിയാക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആതിഥേയ പദവി ഇന്ത്യക്ക് തന്നെയാവും. ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്. ഇന്ത്യയിലെ ഒന്‍പത് വേദികളിലായാണ് മത്സരങ്ങള്‍ തീരുമാനിച്ചിരുന്നത്. 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനം ശമിച്ചില്ലെങ്കില്‍ നടത്തുക എന്നതാണ് വെല്ലുവിളി നിറഞ്ഞ ദൗത്യമായിരിക്കുമെന്ന് അധികൃതര്‍ കരുതുന്നു. 

രാജ്യത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്രയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ ലോകകപ്പ് വേദി മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്നും എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ യുഎഇ ആവും പകരം വേദിയാവുകയെന്നും മല്‍ഹോത്ര പറഞ്ഞിരുന്നു. സെപ്റ്റംബറോടെ ഇന്ത്യയില്‍ വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഐപിഎല്‍ നടത്താന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ യുഎഇ ആണ് മത്സരങ്ങള്‍ക്ക് വേദിയായത്. യുഎഇ ആണ് വേദിയെങ്കില്‍ ഷാര്‍ജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലും ഐപിഎല്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും യുഎഇയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com