ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറില്‍? ആലോചനയുമായി ബിസിസിഐ

ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറില്‍? ആലോചനയുമായി ബിസിസിഐ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റദ്ദാക്കിയ ഐപിഎല്‍ മത്സരങ്ങള്‍ സെപ്റ്റംബറില്‍ നടത്താനുള്ള ആലോചനയുമായി ബിസിസിഐ. ബയോ ബബിളില്‍ കോവിഡ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്നാണ് മത്സരങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ബിസിസിഐയും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലും നിര്‍ബന്ധിതരായത്. ഒക്ടോബര്‍- നവംബര്‍ മാസത്തിലായി നടക്കുന്ന ടി20 ലോകകപ്പിന് മുന്‍പ് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

സെപ്റ്റംബറില്‍ കോവിഡ് വ്യാപനത്തിന് ശമനമുണ്ടായാല്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ സെപ്റ്റബറില്‍ പൂര്‍ത്തിയാക്കാന്‍ ആലോചിക്കുന്നതായി മുതിര്‍ന്ന ബിസിസിഐ അംഗം എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി. 'എന്തുകൊണ്ട് സാധിക്കില്ല? കോവിഡ് ശമിക്കുകയാണെങ്കില്‍, വിദേശ കളിക്കാര്‍ക്ക് എത്താന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും സെപ്റ്റംബറില്‍ ബാക്കിയുള്ള മത്സരങ്ങള്‍ നടത്തും'. ടി20 ലോകകപ്പിന് മുന്‍പ് നടത്താനാണ് ആലോചനയെന്നും ബിസിസിഐ അംഗം വ്യക്തമാക്കി. 

'ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ വിദേശ താരങ്ങളെ സുരക്ഷിതമായി തന്നെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കും. ഇതിനുള്ള യാത്രാ പദ്ധതികള്‍ രണ്ട് ദിവസത്തിനുള്ളില്‍ ആവിഷ്‌കരിക്കും. കളിക്കാരുടെ സുരക്ഷയില്‍ ഒരു വീട്ടുവീഴ്ചയും ഉണ്ടാകില്ല. കളിക്കാര്‍ മാത്രമല്ല മൈതാനം ജീവനക്കാര്‍, ഓഫീഷ്യലുകള്‍ തുടങ്ങി ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട എല്ലാവരുടേയും സുരക്ഷ ബിസിസിഐക്ക് പ്രധാനമാണ്- എഎന്‍ഐയുമായി സംസാരിക്കവേ മുതിര്‍ന്ന ബിസിസിഐ അംഗം പറഞ്ഞു. 

ബയോ ബബിളിനുള്ളില്‍ കോവിഡ് പടര്‍ന്നതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കിയത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത കളിക്കാരായ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാന്‍ സാഹയ്ക്കും ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജിക്കും രോഗം കണ്ടെത്തി. ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ് ക്യാമ്പുകളില്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com