'ഇത് പ്രതിഷേധമല്ല, ക്രിമിനലിസം'- മൈതാനം കൈയേറി ആക്രമണം അഴിച്ചുവിട്ട ആരാധകരെ വെറുതെ വിട‌ില്ലെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്  (വീഡിയോ)

By സമകാലിക മലയാളം ഡെസ്ക്  |   Published: 04th May 2021 07:32 PM  |  

Last Updated: 04th May 2021 07:32 PM  |   A+A-   |  

Manchester United fans storm Old Trafford

ഓൾ‍ഡ് ട്രാഫഡ് കൈയേറി പ്രതിഷേധിക്കുന്ന ആരാധകർ/ ട്വിറ്റർ

 

ലണ്ടൻ: ഓൾഡ് ട്രാഫഡ് മൈതാനം കൈയേറി വ്യാപകമായി ആക്രമണം അഴിച്ചുവിട്ട ആരാധകർക്ക് നേരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് അതികായരായ മാ‍ഞ്ചസ്റ്റർ യുനൈറ്റഡ്. ക്ലബ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

മാഞ്ചസ്റ്റർ യുനൈറ്റഡ്- ലിവർപൂൾ മത്സരത്തിന് മുൻപായിരുന്നു 200ലധികം വരുന്ന ആരാധകർ പ്രതിഷേധവുമായി ഓൾ‍ഡ് ‌ട്രാഫഡിലേക്ക് ഇരച്ചു കയറി ആക്രമണം അഴിച്ചുവിട്ടത്. പ്രതിഷേധം അക്രമാസക്തമായതോടെ മത്സരം മാറ്റിവച്ചിരുന്നു. ഞായറാഴ്ചയാണ് ഓൾഡ് ട്രാഫഡ് മൈതാനത്തിനകത്തും പുറത്തും ആരാധകരുടെ വലിയ പ്രതിഷേധമുണ്ടായത്. ക്ലബ് ഉടമകളായ ഗ്ലെയ്‌സർ കുടുംബത്തിനെതിരെയായിരുന്നു ആരാധകരുടെ പ്രതിഷേധം.

ഗ്ലെയ്‌സർ കുടുംബത്തിനെതിരെ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി 200-ഓളം ആരാധകരാണ് മൈതാനത്തേക്ക് അതിക്രമിച്ചുകയറിയത്. ഇവരെ പുറത്താക്കാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. യൂറോപ്യൻ സൂപ്പർ ലീഗിൽ യുനൈറ്റഡ് ചേർന്നത് മുതൽ ക്ലബ് ഉടമകളായ ഗ്ലേസർ കുടുംബത്തിനെതിരെ ആരാധകരുടെ പ്രതിഷേധം രൂക്ഷമാണ്.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ശിക്ഷിക്കുന്നത് കാണാൻ ക്ലബിന് താത്പര്യമില്ല. പക്ഷേ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയാൻ പൊലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഒരാളുടെ കണ്ണിന് ക്ഷതം സംഭവിച്ചതായും മറ്റൊരാളുടെ മുഖത്ത് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ജനക്കൂട്ടത്തിൽ നിന്ന് കുപ്പികളും കാനുകളും വലിച്ചെറിഞ്ഞതിനെ തുടർന്നാണ് പൊലീസുകാർ അടക്കമുള്ളവർക്ക് പരിക്കേറ്റത്.