കൊൽക്കത്തക്കെതിരെ കളിക്കില്ലെന്ന് ബാം​ഗ്ലൂർ ഉറപ്പിച്ചു; കളി തുടരാനുള്ള നീക്കം പൊളിഞ്ഞത് ഇങ്ങനെ

കൊൽക്കത്തക്കെതിരെ കളിക്കാൻ തയ്യാറല്ലെന്ന് ബാം​ഗ്ലൂർ ഉറപ്പിച്ച് പറഞ്ഞതോടെ മത്സരം മാറ്റി വെക്കേണ്ടി വരികയായിരുന്നു
ബാംഗ്ലൂര്‍ ടീമിന്റെ ആഹ്ലാദം / ട്വിറ്റര്‍ ചിത്രം
ബാംഗ്ലൂര്‍ ടീമിന്റെ ആഹ്ലാദം / ട്വിറ്റര്‍ ചിത്രം

അഹമ്മദാബാദ്: കൊൽക്കത്ത ക്യാംപിലെ രണ്ട് കളിക്കാർക്ക് കോവിഡ് പോസിറ്റീവായെങ്കിലും കളി ഉപേക്ഷിച്ചത് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ കടുത്ത നിലപാട് എടുത്തതോടെ. കൊൽക്കത്തക്കെതിരെ കളിക്കാൻ തയ്യാറല്ലെന്ന് ബാം​ഗ്ലൂർ ഉറപ്പിച്ച് പറഞ്ഞതോടെ മത്സരം മാറ്റി വെക്കേണ്ടി വരികയായിരുന്നു. 

കൊൽക്കത്ത കളിക്കാരായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കാണ് കോവിഡ് പോസിറ്റീവായത്. അഹമ്മദാബാദിൽ തിങ്കളാഴ്ച മത്സരം നടക്കേണ്ടതിന് മണിക്കൂറുകൾ മാത്രം മുൻപാണ് ഇവർക്ക് കോവിഡ് പോസിറ്റീവായത്. എന്നാൽ കോവിഡ് പോസിറ്റീവായ ഈ രണ്ട് കളിക്കാരെ മാത്രം മാറ്റി നിർത്തി കളിയുമായി മുൻപോട്ട് പോവാനുള്ള സാധ്യതയാണ് അധികൃതർ നോക്കിയതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

എന്നാൽ കൊൽക്കത്തക്കെതിരെ കളിക്കില്ലെന്ന് ബാം​ഗ്ലൂർ ഉറച്ച നിലപാടെടുത്തു. ഇതോടെ മത്സരം മാറ്റി വെക്കുകയായിരുന്നു. ക്യാംപിനുള്ളിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്താൽ സമ്പർക്കമുള്ളവർ ആറ് ദിവസം ക്വാറന്റൈൻ പോവണം എന്നാണ് ഐപിഎല്ലിലെ വ്യവസ്ഥ.നേരത്തെ യൂറോപ്യൻ ഫുട്ബോളിൽ ഉൾപ്പെടെ കോവിഡ് പോസിറ്റീവായ കളിക്കാരെ മാറ്റി നിർത്തി മത്സരവുമായി മുൻപോട്ട് പോയിട്ടുണ്ട്. ചാമ്പ്യൻസ് ലീ​ഗിൽ പിഎസ്ജി-ബയേൺ മത്സരത്തിന് മുൻപാണ് വിങ്ങർ നാബ്രിക്ക് കോവിഡ് പോസിറ്റീവാകുന്നത്. ഇവിടെ നാബ്രിയെ മാറ്റി നിർത്തി മത്സരം നിശ്ചയിച്ച സമയത്ത് തന്നെ നടത്തി. 

കോവിഡ് പോസിറ്റീവായ കളിക്കാരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് കൊൽക്കത്ത സിഇഒ വെങ്കി മൈസൂർ പറഞ്ഞു. സന്ദീപ് വാര്യർക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ല. വരുൺ ചക്രവർത്തിയുടെ കോവിഡ് ലക്ഷണങ്ങൾ ശക്തമല്ലെന്നും അദ്ദേഹം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com