ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് കോച്ച് മൈക്ക് ഹസിക്ക് കോവിഡ്; കൂടുതൽ കളിക്കാർക്ക് പോസിറ്റീവായേക്കുമെന്ന് റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ ബൗളിങ് കോച്ച് ലക്ഷ്മീപതി ബാലാജിക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു
മൈക്ക് ഹസി, ധോനി, സുരേഷ് റെയ്ന/ഫയൽ ചിത്രം
മൈക്ക് ഹസി, ധോനി, സുരേഷ് റെയ്ന/ഫയൽ ചിത്രം

ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് പരിശീലകൻ മൈക്ക് ഹസിക്കും കോവിഡ് സ്ഥിരീകരിച്ചു. വരും ദിവസങ്ങളിൽ ഐപിഎൽ ബയോ ബബിളിന്റെ ഭാ​ഗമായിരുന്ന കൂടുതൽ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിലുള്ളവർക്കും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാൻ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ ബൗളിങ് കോച്ച് ലക്ഷ്മീപതി ബാലാജിക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥിനും ടീം ബസിന്റെ ജീവനക്കാരനും കോവിഡ് പോസിറ്റീവായി. എന്നാൽ‌ മൈക്ക് ഹസിക്ക് കോവിഡ് പോസിറ്റീവായ വിവരം ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ല. 

മൈക്ക് ഹസിയുടെ ആദ്യ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇത് ഉറപ്പിക്കാനായി രണ്ടാമത്തെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. ചൊവ്വാഴ്ച സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാൻ സാഹയ്ക്കും ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അമിത് മിശ്രയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ടീമുകളുടെ പല വേദികളിലേക്കുള്ള യാത്രയും ബബിളിനുള്ളിലേക്ക് കോവിഡ് എത്താൻ കാരണമായിട്ടുണ്ടാവാം എന്ന് വിലയിരുത്തപ്പെടുന്നു. വിമാനത്താവളത്തിലെ ടെർമിനലിൽ വെച്ചായിരിക്കാം ലക്ഷ്മീപതി ബാലാജിക്ക് കോവിഡ് ബാധിതനായത് എന്നും റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com