മഹ്റസിന്റെ ഇരട്ട പ്രഹരം; ചരിത്രത്തിലാദ്യമായി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ

യൂറോപ്യൻ ഫുട്ബോളിൽ ആവേശം നിറച്ച് നടന്ന ചാമ്പ്യൻസ് ലീ​ഗ് രണ്ടാം പാദ സെമി പോരിൽ പിഎസ്ജിയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ സിറ്റി താരം മഹ്റസ്/ഫോട്ടോ:ട്വിറ്റർ
മാഞ്ചസ്റ്റർ സിറ്റി താരം മഹ്റസ്/ഫോട്ടോ:ട്വിറ്റർ

എത്തിഹാഡ്: യൂറോപ്യൻ ഫുട്ബോളിൽ ആവേശം നിറച്ച് നടന്ന ചാമ്പ്യൻസ് ലീ​ഗ് രണ്ടാം പാദ സെമി പോരിൽ പിഎസ്ജിയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ട് ​ഗോൾ ജയത്തോടെ ചരിത്രത്തിലാദ്യമായി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീ​ഗ് ഫൈനലിലെത്തി‌. 

4-1 എന്ന അ​ഗ്ര​ഗേറ്റിലാണ് ​ഗാർഡിയോളയുടെ സംഘം പിഎസ്ജിയുടെ കിരീട മോഹം തല്ലിക്കെടുത്തിയത്. സെമിയുടെ രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് ഇറങ്ങുമ്പോൾ ഫൈനൽ ഉറപ്പിക്കാൻ സിറ്റിക്ക് പിഎസ്ജിക്കെതിരായ സമനിലയെങ്കിലും മതിയായിരുന്നു. എന്നാൽ 11, 63 മിനിറ്റുകളിൽ ​ഗോൾവല കുലുക്കി മഹ്റസ് സിറ്റിയുടെ ഫൈനൽ പ്രവേശനം ആഘോഷമാക്കി. 

അഞ്ചാം പ്രീമിയർ ലീ​ഗ് കിരീടം മുൻപിൽ നിൽക്കുമ്പോഴാണ് യൂറോപ്യൻ ചാമ്പ്യൻപട്ടവും ​ഗാർഡിയോളയുടെ കൈകളിലേക്ക് എത്താൻ വഴി തെളിയുന്നത്. ബാഴ്സ പരിശീലകനായിരിക്കെ രണ്ട് വട്ടം ​ഗാർഡിയോള ചാമ്പ്യൻസ് ലീ​ഗിൽ മുത്തമിട്ടിട്ടുണ്ട്. അതിന് ശേഷം ഒരു ദശകമായി ​ഗാർഡിയോളയ്ക്കും ബാഴ്സയ്ക്കും ചാമ്പ്യൻസ് ലീ​ഗ് കിരീടം തൊടാനായിട്ടില്ല.

പാരീസിൽ ജനിച്ചു വളർന്ന മഹ്റസിൽ നിന്ന് തന്നെ പിഎസ്ജിക്ക് രണ്ട് വട്ടം പ്രഹരമേറ്റെന്ന കൗതുകവുമുണ്ട്. പരിക്കിനെ തുടർന്ന് എംബാപ്പെയ്ക്ക് കളിക്കാനാവാതെ പോയതാണ് പിഎസ്ജിക്ക് വലിയ തിരിച്ചടിയായത്. മാർക്വിനോസും എയ്ഞ്ചൽ ഡി മരിയയും അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനൊപ്പം 69ാം മിനിറ്റിൽ 10 പേരായി ചുരുങ്ങിയതും നിർണായക മത്സരത്തിൽ പിഎസ്ജിക്ക് തിരിച്ചടിയായി. ചെൽസി-റയൽ പോരിലെ വിജയിയെ മെയ് 29ന് മാഞ്ചസ്റ്റർ സിറ്റി നേരിടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com