എല്ലാ കളിക്കാരും വീട്ടിലെത്തിയതിന് ശേഷം മാത്രം മടക്കം; ഡൽഹിയിൽ തുടർന്ന് ധോനി

ചെന്നൈ ടീമിലെ കളിക്കാരെല്ലാം അവരവരുടെ നാട്ടിലേക്ക് മടങ്ങിയതിന് ശേഷം റാഞ്ചിയിലേക്ക് തിരിക്കാം എന്നാണ് ധോനിയുടെ തീരുമാനം
ധോനി/ഫയല്‍ ചിത്രം
ധോനി/ഫയല്‍ ചിത്രം

ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾ റദ്ദാക്കിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങുന്നത് വൈകിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോനി. ചെന്നൈ ടീമിലെ കളിക്കാരെല്ലാം അവരവരുടെ നാട്ടിലേക്ക് മടങ്ങിയതിന് ശേഷം റാഞ്ചിയിലേക്ക് തിരിക്കാം എന്നാണ് ധോനിയുടെ തീരുമാനം. 

ടീം ഹോട്ടലിൽ നിന്ന് അവസാനം പോകുന്ന വ്യക്തി താനായിരിക്കും എന്നാണ് ധോനി ടീം അം​ഗങ്ങളോട് പറഞ്ഞിരിക്കുന്നതെന്ന് ചെന്നൈ സൂപ്പർ കിങ്സ് വൃത്തങ്ങൾ പറയുന്നു. വിദേശ കളിക്കാരുടേയും സപ്പോർട്ട് സ്റ്റാഫിന്റേയും യാത്രയ്ക്ക് ആദ്യ പരി​ഗണന നൽകണം എന്ന് ധോനി ടീമിന്റെ വിർച്വൽ മീറ്റിങ്ങിൽ ധോനി വ്യക്തമാക്കി. 

എല്ലാവരും അവരവരുടെ വീടുകളിൽ സുരക്ഷിതരായി എത്തിയതിന് ശേഷം നാളത്തെ അവസാന ഫ്ളൈറ്റിൽ യാത്ര തിരിക്കാനാണ് ധോനിയുടെ തീരുമാനം. അതിനിടയിൽ എട്ട് ഇം​ഗ്ലീഷ് താരങ്ങൾ ലണ്ടനിൽ എത്തി. ഓസീസ് താരങ്ങളെ ഇന്ത്യയിൽ നിന്ന് യാത്രയാക്കാനുള്ള ബിസിസിഐയുടെ ശ്രമങ്ങൾ തുടരുകയാണ്. 

ബട്ട്ലർ, ടോം കറാൻ, സാം കറാൻ, ബെയർസ്റ്റോ, സാം ബില്ലിങ്സ്, ക്രിസ് വോക്സ്, മൊയിൻ അലി, ജാസൻ റോ എന്നിവരാണ് ഇന്ത്യയിൽ നിന്ന് ലണ്ടനിൽ എത്തിയത്. തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നതിന് മുൻപ് ഇവർക്ക് 10 ദിവസം ക്വാറന്റൈനിലിരിക്കണം. ഇം​ഗ്ലണ്ട് ക്യാപ്റ്റൻ മോർ​ഗൻ, ഡേവിഡ് മലൻ, ക്രിസ് ജോർദാൻ എന്നിവർക്ക് 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാനാവും.

ബയോ ബബിളിനുള്ളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ചൊവ്വാഴ്ചയാണ് ഐപിഎൽ റദ്ദാക്കിയത്. കൊൽക്കത്ത താരം സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി, ഡൽഹി സ്പിന്നർ അമിത് മിശ്ര, സൺറൈസേഴ്സ് ബാറ്റ്സ്മാൻ സാഹ, ചെന്നൈ ബൗളിങ് കോച്ച് ലക്ഷ്മീപതി ബാലാജി, ചെന്നൈ ബാറ്റിങ് കോച്ച് മൈക്ക് ഹസി എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com