'മില്ലിസെക്കന്റ് നേരത്തേക്ക് പോലും ജാ​ഗ്രത കൈവിടരുത്, സാഹയ്ക്ക് പോസിറ്റീവായതിൽ നിന്ന് പഠിച്ചത് വലിയ പാഠം'

ഇത്രയും സൂക്ഷ്മമായി നിർമിച്ച ബബിളിൽ കോവിഡ് പ്രവേശിച്ചതിലെ ഞെട്ടൽ വ്യക്തമാക്കിയാണ് ലക്ഷ്മണിന്റെ വാക്കുകൾ
വൃധിമാൻ സാഹ/ഫയൽ ചിത്രം
വൃധിമാൻ സാഹ/ഫയൽ ചിത്രം

ന്യൂഡൽഹി: എല്ലാ മുൻകരുതലുകളും പ്രോട്ടോക്കോളുകളും പാലിച്ചിട്ടും വൃധിമാൻ സാഹയ്ക്ക് കോവിഡ് വന്നത് ഈ മഹാമാരിക്കെതിരായ പോരാട്ടത്തിൽ നമ്മൾ പഠിച്ച വലിയ പാഠമാണെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് മെന്റർ വിവിഎസ് ലക്ഷ്മൺ. ഇത്രയും സൂക്ഷ്മമായി നിർമിച്ച ബബിളിൽ കോവിഡ് പ്രവേശിച്ചതിലെ ഞെട്ടൽ വ്യക്തമാക്കിയാണ് ലക്ഷ്മണിന്റെ വാക്കുകൾ. 

ഒരു മില്ലിസെക്കന്റ് നേരത്തേക്ക് പോലും നമ്മുടെ കരുതൽ കൈവിടരുത് എന്നോർമിപ്പിക്കുന്ന വലിയ പാഠമാണ് ഇത്. ഒരു ന​ഗരത്തിൽ നിന്ന് മറ്റൊരു ന​ഗരത്തിലേക്ക് പോവുമ്പോൾ പ്രോട്ടോക്കോളുകളിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടായി. എന്നാൽ ചെന്നൈ, കൊൽക്കത്ത ക്യാമ്പുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഞങ്ങളുടെ വിശ്വാസവും നഷ്ടമായി. 

ചെന്നൈയുമായുള്ള ഞങ്ങളുടെ മത്സരം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. ആ സമയം ഇരു ടീമിലേയും പഴയ സുഹൃത്തുക്കൾ തമ്മിൽ പരിചയം പുതുക്കലും മറ്റുമുണ്ടായി. അതിനാൽ തന്നെ ഹൈദരാബാദ് ടീം അം​ഗങ്ങളുടെ പരിശോധനാ ഫലം വരുന്നത് വരെ ആശങ്ക നിറഞ്ഞു നിന്നിരുന്നു, ലക്ഷ്മൺ പറഞ്ഞു. 

സാഹയ്ക്ക് പെട്ടെന്ന് സുഖം പ്രാപിക്കാനാവട്ടെ എന്ന് ആശംസിക്കുന്നു. രാജസ്ഥാനെതിരെ ശനിയാഴ്ചത്തെ മത്സരത്തിൽ സാഹ കളിക്കേണ്ടതായിരുന്നു. സാഹയിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമായപ്പോൾ തന്നെ ഐസൊലേഷനിലാക്കി. ഞങ്ങളുടെ പ്രാർഥനകൾ വിഫലമാക്കി സാഹയുടെ പരിശോധനാ ഫലം പോസിറ്റീവായി വരികയും ചെയ്തു, ലക്ഷ്മൺ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com