'നമുക്ക് വീണ്ടും കാണാം, വീട്ടില്‍ സുരക്ഷിതരായി ഇരിക്കു'- ആരാധകര്‍ക്ക് വീഡിയോ സന്ദേശവുമായി മുംബൈ ഇന്ത്യന്‍സ് (വീഡിയോ)

'നമുക്ക് വീണ്ടും കാണാം, വീട്ടില്‍ സുരക്ഷിതരായി ഇരിക്കു'- ആരാധകര്‍ക്ക് വീഡിയോ സന്ദേശവുമായി മുംബൈ ഇന്ത്യന്‍സ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മുംബൈ: ബയോ ബബിളിനുള്ളിലും കോവിഡ് വ്യാപിച്ചതിന് പിന്നാലെ ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങല്‍ റദ്ദാക്കിയിരുന്നു. പാതി വഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിയത് ക്രിക്കറ്റ് ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. ഇപ്പോഴിതാ, കോവിഡ് വ്യാപനം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന ഈ ഘട്ടത്തില്‍ ശ്രദ്ധേയമായൊരു വീഡിയോ സന്ദേശവുമായി എത്തിയിരിക്കുകയാണ് നിലവിലെ ഐപിഎല്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. 

നാല് ടീമുകളിലെ താരങ്ങളടക്കം ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവച്ചത്. പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സ് വീഡിയോ പങ്കിട്ടിരിക്കുന്നത്. താരങ്ങളും പരിശീലക അംഗങ്ങളും വീഡിയോയില്‍ എത്തുന്നുണ്ട്. 

കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ആരും പുറത്തിറങ്ങരുതെന്നും എല്ലാവരും സുരക്ഷിതരായി അവരവരുടെ വീടുകളില്‍ കഴിയണമെന്നും വീഡിയോയില്‍ താരങ്ങള്‍ ആവശ്യപ്പെടുന്നു. അധികൃതരും ആരോഗ്യ വിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പുകളും അഭ്യര്‍ത്ഥനകളും എല്ലാവരും മാനിക്കണമെന്നും പരസ്പരമുള്ള പരിപാലനം പരമ പ്രധാനമാണെന്നും താരങ്ങള്‍ പറയുന്നു. 

രോഹിത് ശര്‍മ, ജസ്പ്രിത് ബുമ്‌റ, ജയന്ത് യാദവ്, ആദം മില്‍നെ, ബൗളിങ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട് എന്നിവരാണ് വീഡിയോയില്‍ സന്ദേശവുമായി എത്തിയത്. 

ടൂര്‍ണമെന്റ് മാറ്റിവച്ചത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ രാജ്യത്തെ നിലവിലെ സാഹചര്യം വളരെ മോശമായി തുടരുന്നതിനാല്‍ മത്സരങ്ങള്‍ നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം നല്ലതാണെന്ന് ഞാന്‍ കരുതുന്നു. ഈ വിഷമ ഘട്ടത്തില്‍ നാം പരസ്പരം പരിപാലിക്കേണ്ടത് വളരെ പ്രാധാന്യമുള്ളതാണ്. നിലവിലെ സാഹചര്യം വളരെ ഗുരുതരമാണ്. അതിനാല്‍ എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിച്ച് അച്ചടക്കത്തോടെ അവരവരുടെ വീടുകളില്‍ സുരക്ഷിതരായി ഇരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു- വീഡിയോയില്‍ രോഹിത് ശര്‍മ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com