'ഇന്ത്യൻ ടീമിൽ കളിക്കണോ? ശരീര ഭാരം കുറയ്ക്കു'- പൃഥ്വി ഷായോട് സെലക്ടർമാർ

'ഇന്ത്യൻ ടീമിൽ കളിക്കണോ? ശരീര ഭാരം കുറയ്ക്കു'- പൃഥ്വി ഷായോട് സെലക്ടർമാർ
ഫയൽ ചിത്രം
ഫയൽ ചിത്രം

മുംബൈ: ഇന്നലെ ലോക ‌ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ യുവ താരം പൃഥ്വി ഷായുടെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിജയ് ഹസാരെ ട്രോഫിയിലും ഐപിഎല്ലിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. എന്നിട്ടും താരത്തിന് ടീമിൽ ഇടം ലഭിച്ചില്ല. ക്രിക്കറ്റ് ലോകത്ത് താരത്തിന്റെ ടീമിലെ അഭാവം വലിയ ചർച്ചകൾക്കും തുടക്കമിട്ടു. 

പൃഥ്വി ഷായുടെ ശരീര ഭാരമാണ് ടീമിലേക്ക് പരി​ഗണിക്കാത്തതിന് കാരണമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചനകൾ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

സെലക്ഷൻ ലഭിക്കണമെങ്കിൽ ഭാരം കുറയ്ക്കണമെന്നാണ് സെലക്ടർമാർ പറയുന്നത്. അതുകൊണ്ടാണ് സ്റ്റാൻഡ് ബൈ താരമായി പോലും പൃഥ്വി ഷായെ പരിഗണിക്കാത്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്നാണ് താരത്തെ ടീമിൽ നിന്ന് നേരത്തെ പുറത്താക്കിയത്. അഡ്‌ലെയ്ഡ് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും പൃഥ്വി ഷാ പൂജ്യത്തിന് പുറത്തായിരുന്നു.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി മികച്ച പ്രകടനമാണ് താരം ഈ സീസണിൽ പുറത്തെടുത്തത്. ‌ടീമിനായി 308 റൺസ് അടിച്ചുകൂട്ടിയ 21-കാരനായ താരം വിജയ് ഹസാരെ ട്രോഫിയിൽ 800 റൺസും സ്വന്തമാക്കി. 

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമിൽ നാല് ഓപ്പണർമാരാണുള്ളത്. രോഹിത് ശർമ, മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, കെ.എൽ രാഹുൽ എന്നിവരാണ് ഓപ്പണർമാർ. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന രാഹുലിന് ഫിറ്റ്‌നെസ് തെളിയിച്ചാൽ മാത്രമേ ടീമിനൊപ്പം യാത്ര ചെയ്യാനാകൂ. ബംഗാളിന്റെ അഭിമന്യു ഈശ്വരനാണ് സ്റ്റാൻഡ് ബൈ ഓപ്പണർ.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com