400 വിക്കറ്റ് ക്ലബിലേക്ക് ബൂമ്ര എത്തും ഈ കാര്യം ശ്രദ്ധിച്ചാൽ: കർട്ട്ലി ആംബ്രോസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th May 2021 12:08 PM |
Last Updated: 09th May 2021 12:08 PM | A+A A- |

ബൂമ്ര/ഫയല്‍ ചിത്രം
ആയുധങ്ങൾ ഒരുപാട് ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്രയുടെ ആവനാഴിയിലുണ്ടെന്ന് വിൻഡിസ് ഇതിഹാസ പേസർ കർട്ട്ലി ആംബ്രോസ്. 400 വിക്കറ്റ് നേട്ടത്തിലേക്ക് എത്താനുള്ള കഴിവ് ബൂമ്രയ്ക്കുണ്ട്. എന്നാൽ എത്ര നാൾ കളി തുടരാൻ ബൂമ്രയ്ക്ക് കഴിയും എന്നത് മാത്രമാണ് ഇവിടെ ചോദ്യമാവുന്നത് എന്നും കർട്ട്ലി ആംബ്രോസ് പറഞ്ഞു.
താൻ ബൂമ്രയുടെ ആരാധകനാണ് എന്നും ആംബ്രോസ് പറയുന്നു. ഇന്ത്യക്ക് ഏതാനും നല്ല ഫാസ്റ്റ് ബൗളർമാരെ ലഭിച്ചിട്ടുണ്ട്. ബൂമ്രയുടെ വലിയ ആരാധകനാണ് ഞാൻ. ഞാൻ കണ്ടിട്ടുള്ള മറ്റ് ബൗളർമാരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ബൂമ്ര. സീമും, സ്വിങ്ങും മികച്ച യോർക്കറുകളുമെല്ലാം ബൂമ്രയപടെ പക്കലുണ്ട്. ആരോഗ്യത്തോടെ ഫിറ്റ്നസോടെ ഏറെ നാൾ കളിക്കാൻ സാധിച്ചാൽ 400 വിക്കറ്റ് നേട്ടത്തിലേക്ക് ബൂമ്രയ്ക്ക് എത്താനാവും, അദ്ദേഹം പറഞ്ഞു.
ഐപിഎല്ലിലാണ് ബൂമ്ര അവസാനം കളിച്ചത്. 6 കളിയിൽ നിന്ന് ഏഴ് വിക്കറ്റ് ഇവിടെ ബൂമ്ര വീഴ്ത്തി. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ രണ്ട് ടെസ്റ്റുകളിൽ നിന്ന് നാല് വിക്കറ്റും ബൂമ്ര പിഴുതിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് ഇനി ബൂമ്രയുടെ മുൻപിലുള്ളത്. ഇവിടെ ബൂമ്രയുടെ പ്രകടനം ഇന്ത്യക്ക് നിർണായകമാണ്. 1988-2000 വരെ വിൻഡിസ് ക്രിക്കറ്റിൽ നിറഞ്ഞു നിന്ന ആംബ്രോസ് 98 ടെസ്റ്റുകളാണ് കളിച്ചത്. വീഴ്ത്തിയത് 405 വിക്കറ്റും.