അച്ഛന്റെ ഓക്സിജൻ ലെവൽ 85ൽ താഴെ, മക്കൾക്ക് കടുത്ത പനിയും ഡയേറിയയും; കോവിഡിന്റെ ഭീകരാവസ്ഥയെ കുറിച്ച് അശ്വിൻ

കുടുംബാം​ഗങ്ങൾ കോവിഡ് ബാധിതരായതിനെ തുടർന്ന് അശ്വിൻ ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു
അശ്വിൻ / ട്വിറ്റർ
അശ്വിൻ / ട്വിറ്റർ


ചെന്നൈ: തന്റെ മാതാപിതാക്കളും മക്കളും മറ്റ് ബന്ധുക്കളും കോവിഡ് ബാധിതരായതിനെ തുടർന്ന് നേരിട്ട പ്രയാസങ്ങളെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. കുടുംബാം​ഗങ്ങൾ കോവിഡ് ബാധിതരായതിനെ തുടർന്ന് അശ്വിൻ ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു.

ഞാൻ ഐപിഎല്ലിൽ കളിക്കുകയായിരുന്നതിനാൽ കുടുംബാം​ഗങ്ങൾ എന്നെ ഒന്നും അറിയിച്ചില്ല. എന്നാൽ എന്റെ മക്കൾക്ക് കടുത്ത പനിയും ഡയേറിയയും വന്നു. 3-4 ദിവസം ഇത് നീണ്ടുനിന്നു. മരുന്ന് നൽകിയിട്ടും പനി കുറയാതെ വന്നപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ഭാര്യ പേടിച്ചു, അശ്വിൻ പറയുന്നു. 

എന്റെ മക്ക‌ൾ, അച്ഛൻ, അമ്മ, ഭാര്യയുടെ മാതാപിതാക്കൾ, മറ്റ് രണ്ട് ബന്ധുക്കൾ എന്നിവർക്കാണ് കോവിഡ് പോസിറ്റീവായത്. ആദ്യ 5 ദിവസം എന്റെ അച്ഛന് പ്രശ്നങ്ങളുണ്ടായില്ല. എന്നാൽ പിന്നെ അദ്ദേ​ഹത്തിന്റെ ഓക്സിജൻ ലെവൽ കുറയാൻ തുടങ്ങി. 85ലും താഴേക്കെത്തി. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. ഒരുപാട് ദിവസം കഴിഞ്ഞാണ് ഓക്സിജൻ ലെവൽ നേരെയായത്. 

എന്റെ അച്ഛൻ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. അതിനാലാണ് അദ്ദേഹത്തെ ഞങ്ങൾക്ക് തിരികെ കിട്ടിയത്. എല്ലാവരും വാക്സിൻ സ്വീകരിക്കണം. നിങ്ങൾക്ക് ലക്ഷണങ്ങൾ ഉണ്ടാവണം എന്നില്ല. എന്നാൽ നിങ്ങളിൽ നിന്ന് കോവിഡ് ബാധിതനാവുന്നത് ചിലപ്പോൾ ഒരു കുടുംബത്തിന്റെ ഏക ആശ്രയമായ വ്യക്തിയായിരിക്കാം. കോവിഡ് തരം​ഗത്തിൽ നിന്ന് രക്ഷപെടാനുള്ള ഒരേയൊരു വഴി വാക്സിൻ സ്വീകരിക്കുക എന്നതാണ്, അശ്വിൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com