രാജസ്ഥാൻ റോയൽസ് പേസർ ചേതൻ സക്കറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2021 03:06 PM  |  

Last Updated: 09th May 2021 03:27 PM  |   A+A-   |  

Rajasthan royals pacer chetan sakariya

ചേതൻ സക്കറിയ/ഫോട്ടോ:ഐപിഎൽ, ബിസിസിഐ

 

ഭാവ്ന​ഗർ: രാജസ്ഥാൻ റോയൽസ് പേസർ ചേതൻ സക്കറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായതിനെ തുടർന്ന് ​ഗുജറാത്തിലെ ഭാവ്​ന​ഗറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാഞ്ചിഭായി സക്കറിയയുടെ മരണം.

രാജസ്ഥാൻ റോയൽസാണ് വിവരം ആരാധകരുമായി പങ്കുവെച്ചത്. ചേതൻ സക്കറിയയുമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ സഹായവും പിന്തുണയും നൽകുമെന്നും രാജസ്ഥാൻ റോയൽസ് വ്യക്തമാക്കി. കാഞ്ചിഭായി സക്കറിയ കോവിഡിനെതിരായ അദ്ദേഹത്തിന്റെ പോരാട്ടത്തിൽ കീഴടങ്ങിയത് വേദനിപ്പിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ചേതൻ സക്കറിയക്കും കുടുംബത്തിനും പൂർണ പിന്തുണ അറിയിക്കുന്നു. സാധ്യമായ എല്ലാ സഹായവും നൽകും, പ്രസ്താവനയിൽ രാജസ്ഥാൻ റോയൽസ് വ്യക്തമാക്കി. 

രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിക്കുന്നതിന് ചേതൻ എത്തിയത് സഹോദരന്റെ വിയോ​ഗ വേദനയുമായാണ്. ചേതൻ സയിദ് മുഷ്താഖ് അലി ടൂർണമെന്റ് കളിക്കുമ്പോഴാണ് താരത്തിന്റെ സഹോദരൻ ആത്മഹത്യ ചെയ്തത്. എന്നാൽ സഹോദരന്റെ മരണ വിവരം കുടുംബം ചേതനെ അറിയിച്ചില്ല.ടൂർണമെന്റ് കഴിഞ്ഞെത്തിയപ്പോഴാണ് ചേതൻ വിവരം അറിയുന്നത്. ഇത് തന്നെ ഏറെ തളർത്തിയിരുന്നതായി ചേതൻ പറഞ്ഞിരുന്നു. 

ഐപിഎൽ റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്തിയ ചേതൻ അച്ഛൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ ഏറെ മണിക്കൂറുകൾ ചിലവഴിക്കുകയായിരുന്നു. ഐപിഎൽ ഉപേക്ഷിച്ചാൽ അത് തന്നെ പോലെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് വരുന്നവരെ ബാധിക്കുമെന്ന് ചേതൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.