'ഒരു കേസ് പോലും ഇല്ലാതാകണം'; ഐപിഎൽ ബാക്കി മത്സരങ്ങൾ ഇന്ത്യയിൽ നടത്തില്ലെന്ന് സൗരവ് ഗാംഗുലി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2021 11:41 AM  |  

Last Updated: 10th May 2021 11:41 AM  |   A+A-   |  

Sourav Ganguly

സൗരവ് ഗാംഗുലി/ഫയല്‍

 

മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ പാതിവഴിയിൽ റദ്ദാക്കിയ ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഇന്ത്യയിൽ നടത്തില്ലെന്ന് വ്യക്തമാക്കി ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.  ഐപിഎല്ലിന്റെ ഭാഗമായ 10ഓളം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ടൂർണമെന്റ് റ​ദ്ദാക്കിയത്. 60 മത്സരങ്ങളിൽ 29 മത്സരങ്ങൾ മാത്രമാണ് പൂർത്തിയാക്കാനായത്. 31 മത്സരങ്ങൾ ഇനിയും നടത്താനുണ്ട്.

"ഇന്ത്യയിൽ ടൂർണമെന്റ് തുടരണമെങ്കിൽ ഒരു കേസ് പോലും ഇല്ലാതാകണം. കോവിഡ് കേസുകൾ താരങ്ങളിൽ ഉണ്ടായതിനാലാണ് ടൂർണമെന്റ് റദ്ദാക്കിയത്. എന്നാൽ കോവിഡ് 19 കേസുകളുണ്ടെങ്കിലും പല രാജ്യങ്ങളിലും ടൂർണമെന്റുകൾ നടക്കുന്നുണ്ട്. ഇന്ത്യയിൽ വിജയകരമായി ആഭ്യന്തര മത്സരങ്ങൾ നടത്തിയിരുന്നു", സൗരവ് ​ഗാം​ഗുലി പറഞ്ഞു. 14ാം സീസൺ പൂർണ്ണമായും റദ്ദാക്കിയതതല്ലെന്നും വിദേശ താരങ്ങളെയടക്കം ലഭ്യമാവുന്ന സാഹചര്യത്തിൽ ടൂർണമെന്റ് പൂർത്തിയാക്കുമെന്നും നേരത്തെ തന്നെ ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു.

"ഐപിഎൽ നേരത്തെ തന്നെ റദ്ദാക്കേണ്ടതായിരുന്നുവെന്ന് നിങ്ങൾ ഇപ്പോൾ പറയാം. മുംബൈയിലും ചെന്നൈയിലും ഇപ്പോൾ കോവിഡ് കേസുകൾ കുറവാണ്, അഹമ്മദാബാദിലും ഡൽഹിയിലും മത്സരങ്ങളെത്തിയപ്പോഴാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇനി മത്സരം പുനരാരംഭിക്കണമെങ്കിൽ ക്വാറന്റൈൻ അടക്കം ആദ്യം മുതൽ ആരംഭിക്കേണ്ടിവരും", ​ഗാം​ഗുലി പരഞ്ഞു.