'എന്തിനാണ് ഇപ്പോള്‍ ഒളിമ്പിക്‌സ്? പാവങ്ങളെ കൊല്ലാനോ?'- ജപ്പാനില്‍ പ്രതിഷേധം; പതിനായിരങ്ങള്‍ തെരുവില്‍

'എന്തിനാണ് ഇപ്പോള്‍ ഒളിമ്പിക്‌സ്, പാവങ്ങളെ കൊല്ലാനോ'- ജപ്പാനില്‍ പ്രതിഷേധം; പതിനായിരങ്ങള്‍ തെരുവില്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: കോവിഡ് വ്യാപനം നിയന്ത്രാണാതീതമായി തുടരുന്നതിനാല്‍ ജൂലൈയില്‍ നടക്കേണ്ട ടോക്യോ ഒളിമ്പിക്‌സ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ജപ്പാനില്‍ വന്‍ പ്രതിഷേധം. പതിനായിരക്കണക്കിന് ആളുകള്‍ പ്ലക്കാര്‍ഡുകളുമായി തെരുവില്‍ ഇറങ്ങി. 

ടോക്യോ നഗരത്തിലാണ് ജനം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഒളിമ്പിക്‌സ് നടത്തരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ഓണ്‍ലൈന്‍ നിവേദനത്തിലൂടെയും ജനം പ്രതിഷേധിച്ചിരുന്നു. ലക്ഷക്കണക്കിന് പേര്‍ ഇതില്‍ ഒപ്പുവച്ചു. 

കോവിഡ് മരണ നിരക്ക് ജപ്പാനില്‍ താരതമ്യേന കുറവാണ്. എന്നാല്‍ വൈറസിന്റെ വ്യാപന തോത് ഉയരുകയാണ്. വാക്‌സിനേഷനും മെല്ലെയാണ് പുരോഗമിക്കുന്നത്. ഒളിമ്പിക്‌സ് സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധങ്ങള്‍ ഇപ്പോഴും നടക്കുന്നു.

പാവങ്ങളെ മരണത്തിന് എറിഞ്ഞു കൊടുക്കുന്ന നടപടിയാണ് ഭരണകൂടം ഇപ്പോള്‍ ഒളിമ്പിക്‌സ് നടത്താന്‍ ഒരുങ്ങുന്നതിലൂടെ ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഒളിമ്പിക്‌സിന്റെ പ്രധാന വേദിയായ നാഷണല്‍ സ്റ്റേഡിയത്തിന് പുറത്താണ് പതിനായിരങ്ങള്‍ പ്രതിഷേധവുമായി അണിനിരന്നത്. വിദേശ കാണികളെ പൂര്‍ണമായി വിലക്കിയിട്ടുണ്ടെങ്കിലും മത്സരത്തില്‍ പങ്കെടുക്കാനായി താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫുമായി രാജ്യത്തേക്കെത്തുക പതിനായിരത്തിലേറെ പേരായിരിക്കുമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ ഒളിമ്പിക്‌സുമായി മുന്നോട്ട് തന്നെ പോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴും. തദ്ദേശിയരായ ആരാധകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ അടുത്ത മാസം അന്തിമ തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കനത്ത പ്രതിഷേധം തുടരുന്നതിനിടെ ഒളിമ്പിക്‌സ് നടത്തിപ്പിനെ പിന്തുണച്ച് ലോക അത്‌ലറ്റിക്‌സ് തലവന്‍ സെബാസ്റ്റ്യന്‍ കോ രംഗത്തെത്തി. ബുദ്ധിമുട്ടുകള്‍ക്കിടെയും വിജയകരമായി ഒളിമ്പിക്‌സ് നടത്തുക എന്നത് പ്രതീക്ഷയുടെ കിരണമായി കാണണമെന്നാണ് സെബാസ്റ്റ്യന്‍ കോ പറയുന്നത്. ഇത്രയും വലിയ റിസ്‌ക് വേണോ എന്ന ചോദ്യങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ നിരത്തിയാണ് സെബാസ്റ്റ്യന്‍ കോയുടെ മറുപടി.

ആദ്യത്തേത് ഏറ്റവുമൊടുവില്‍ പോളണ്ടില്‍ വച്ച് നടന്ന റിലേ ചാമ്പ്യന്‍ഷിപ്പാണ്. പങ്കെടുത്ത ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചില്ല. ഇന്നലെ നടന്ന പരീക്ഷണ മത്സരം അടക്കം പലവട്ടം പരീക്ഷണ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ടോക്യോവിലെ ഒളിമ്പികസ് സ്റ്റേഡിയത്തില്‍ ഇതിനോടകം നടത്തി നോക്കി. ഒരിക്കല്‍ പോലും ആര്‍ക്കും വൈറസ് ബാധയുണ്ടായില്ലെന്നും കോ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com