'ടീം ഇന്ത്യ വേറെ ലെവലാണ് മക്കളെ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട'- കിവികൾക്ക് മുന്നറിയിപ്പുമായി പാർത്ഥിവ് പട്ടേൽ

'ടീം ഇന്ത്യ വേറെ ലെവലാണ് മക്കളെ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട'- കിവികൾക്ക് മുന്നറിയിപ്പുമായി പാർത്ഥിവ് പട്ടേൽ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം / ട്വിറ്റര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം / ട്വിറ്റര്‍

അഹമ്മദാബാദ്: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാൻ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ വിജയികളെ പ്രവചിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. പോരാട്ടത്തിൽ ഇന്ത്യക്ക് തന്നെയാണ് വിജയ സാധ്യതയെന്ന് പാർത്ഥിവ് നിരീക്ഷിക്കുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്ന്റെ ക്രിക്കറ്റ് കണക്റ്റഡ് പ്രോഗ്രാമില്‍ സംസാരിക്കവേയാണ് പാർത്ഥിവിന്റെ പ്രവചനം.

ജൂൺ 18 മുതൽ ഇം​ഗ്ലണ്ടിലെ സതാംപ്ടനിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം. ഇന്ത്യൻ സംഘത്തെക്കുറിച്ച് പാർത്ഥിവ് കിവീസിന് മുന്നറിയിപ്പും നൽകുന്നു. 

'ഇന്ത്യയുടേത് ശക്തമായ ടീമാണ്. ന്യൂസിലന്‍ഡ് ടീമിനേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യൻ ടീം. ജസ്പ്രിത് ബുമ്റ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ ഉള്‍പ്പെടുന്ന പേസര്‍മാരെ മറികടക്കുക എളുപ്പമല്ല. മൂവരും 149 വിക്കറ്റുകളാണ് വീഴ്ത്തിയത്. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരും ഇവർക്കൊപ്പം തന്നെ ടീമിലുണ്ട്'. 

'ബാറ്റ്‌സ്മാന്മാരെ നോക്കു. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് എന്നിങ്ങനെ നീളുന്നു. കെഎല്‍ രാഹുലിനെ പോലെ ഒരു താരം പുറത്തിരിക്കേണ്ടി വരുന്നു എന്ന് പറയുമ്പോൾ തന്നെ മനസിലാകും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ശക്തി. നേരത്തെ ഇംഗ്ലണ്ടില്‍ വലിയ റണ്‍സ് കണ്ടെത്തിയവരാണ് ഈ താരങ്ങളെല്ലാം'.

പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയെ കുറിച്ചും പാര്‍ത്ഥിവ് കിവീസിന് മുന്നറിയിപ്പ് നൽകുന്നു. 'ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ അക്ഷർ പട്ടേലായിരുന്നു താരം. ജഡേജയ്ക്ക് പകരമാണ് അക്ഷര്‍ ടീമിലെത്തിയത്. ഇപ്പോള്‍ ജഡേജയും അശ്വിനും ടീമിലേക്ക് തിരിച്ചെത്തി. ടീം ഇന്ത്യ എത്രത്തോളം ശക്തരാണെന്ന് ഇതിൽ നിന്നെല്ലാം ഊഹിക്കാവുന്നതല്ലേ ഉള്ളു'- പാർത്ഥിവ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com