വെള്ളിയാഴ്ചത്തെ ടെസ്റ്റിൽ നെഗറ്റീവ്, ഇപ്പോൾ പോസിറ്റീവ്; മൈക്ക് ഹസിയെ വലച്ച് കോവിഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th May 2021 12:52 PM |
Last Updated: 11th May 2021 12:52 PM | A+A A- |

മൈക്ക് ഹസി, ധോനി, സുരേഷ് റെയ്ന/ഫയൽ ചിത്രം
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് കോച്ച് മൈക്ക് ഹസിക്ക് രണ്ടാമത്തെ പരിശോധനയിലും കോവിഡ് പോസിറ്റീവ്. വെള്ളിയാഴ്ച നടത്തിയ കോവിഡ് ടെസ്റ്റിൽ ഹസിയുടെ ഫലം നെഗറ്റീവായിരുന്നു. എന്നാൽ വീണ്ടും നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായതോടെ ഹസി ഇന്ത്യയിൽ തന്നെ തുടരണം.
കോവിഡ് പോസിറ്റീവായ ഐപിഎല്ലിലെ ആദ്യ വിദേശിയും ഹസി ആയിരുന്നു. ബസ് അസിസ്റ്റന്റിനൊപ്പം ഹസി ഇരുന്നിരുന്നതായി ചെന്നൈ സൂപ്പർ കിങ്സ് വൃത്തങ്ങൾ പറയുന്നു. ഇതോടെയാവാം വൈറസ് ബാധിതനായത് എന്നാണ് സൂചന. ചെറിയ കോവിഡ് ലക്ഷണങ്ങൾ മാത്രമാണ് ഹസിക്കുള്ളതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയും വ്യക്തമാക്കിയിരുന്നു.
ചെന്നൈ സൂപ്പർ കിങ്സിന്റെ ബൗളിങ് കോച്ചായ ലക്ഷ്മീപതി ബാലാജിക്കും കോവിഡ് പോസിറ്റീവായിരുന്നു. സപ്പോർട്ട് സ്റ്റാഫിലെ മറ്റ് മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഡൽഹിയിൽ നിന്ന് എയർ ആംബുലൻസ് വഴിയാണ് ഹസി, ബാലാജി എന്നിവരെ ചെന്നൈ സൂപ്പർ കിങ്സ് ചെന്നൈയിൽ എത്തിച്ചത്. കോവിഡ് ബാധിതരായ ഇവരെ മുറിയിൽ നിന്ന് പുറത്തിറക്കിയ ചെന്നൈയുടെ നീക്കത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.
ബയോ ബബിളിനുള്ളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മെയ് 4നാണ് ഐപിഎൽ മത്സരങ്ങൾ ബിസിസിഐ റദ്ദാക്കിയത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലെ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ, പ്രസിദ്ധ് കൃഷ്ണ, തിം സീഫേർട്ട്, സൺറൈസേഴ്സ് താരം സാഹ, ഡൽഹി സ്പിന്നർ അമിത് മിശ്ര എന്നിവർക്കാണ് കോവിഡ് പോസിറ്റീവായത്. ഇതിൽ സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി എന്നിവർ കോവിഡ് നെഗറ്റീവായതോടെ അവരുടെ വീട്ടിലേക്ക് മടങ്ങി.