രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക്? ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ കോച്ചാവാൻ സാധ്യത
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th May 2021 10:40 AM |
Last Updated: 11th May 2021 10:48 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡൽഹി: ജൂലൈയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിൽ പര്യടനം നടത്തുമ്പോൾ പരിശീലകനായി ഒപ്പമുണ്ടാവുക രാഹുൽ ദ്രാവിഡ് എന്ന് സൂചന. ഇക്കാര്യത്തിൽ ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. എന്നാൽ രാഹുൽ ദ്രാവിഡും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ സംഘവും ഇന്ത്യൻ ടീമിനെ അനുഗമിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യൻ സംഘം ഇംഗ്ലണ്ടിൽ നിൽക്കുന്ന സമയത്താണ് മറ്റൊരു ടീമിനെ ശ്രീലങ്കയിലേക്ക് ടി20, ഏകദിന മത്സരം കളിക്കാനായി അയക്കുന്നത്. അതിനാൽ മുഖ്യപരിശീലകൻ രവി ശാസ്ത്രി, ബാറ്റിങ് കോച്ച് വിക്രം റാത്തോർ, ബൗളിങ് കോച്ച് ഭാരത് അരുൺ എന്നിവർക്ക് ലങ്കയിലേക്കുള്ള ഇന്ത്യൻ സംഘത്തിനൊപ്പം എത്താനാവില്ല.
ഇന്ത്യൻ അണ്ടർ 19 ടീമിനേയും എ ടിമിനേയും പരിശീലിപ്പിച്ച് അനുഭവസമ്പത്ത് ദ്രാവിഡിനുണ്ട്. പൃഥ്വി ഷാ, ശിഖർ ധവാൻ, ഹർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ക്രുനാൽ പാണ്ഡ്യ, നവ്ദീപ് സെയ്നി, ഖലീൽ അഹ്മദ്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവർ ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഭാഗമാവും.
സീനിയർ താരങ്ങളടക്കമുള്ള 20 അംഗ സംഘം ഇംഗ്ലണ്ടിലായിരിക്കുമ്പോൾ വരുന്ന ഈ പര്യടനത്തിൽ മറ്റൊരു സംഘത്തെയാണ് അയക്കുകയെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഇതോടെ ഐപിഎല്ലിലും ഡൊമസ്റ്റിക്ക് ക്രിക്കറ്റിലും മികവ് അറിയിച്ച പല യുവ താരങ്ങൾക്കും ഇന്ത്യൻ ടീമിൽ കളിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ശ്രീലങ്കയിൽ ഇന്ത്യ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്ന പരമ്പരയാണ് കളിക്കുന്നത്.
ഏകദിന, ടി20 സ്പെഷലിസ്റ്റുകൾ മാത്രം അടങ്ങുന്നതായിരിക്കും പര്യടനത്തിനായി തിരഞ്ഞെടുക്കുന്ന ടീമിൽ കളിക്കുകയെന്നും ഗാംഗുലി പറഞ്ഞു. ജൂലൈ മാസത്തിൽ മറ്റ് ഏകദിന മത്സരങ്ങളിലൊന്നും ഇന്ത്യൻ ടീം കളിക്കുന്നില്ല. ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലുള്ള ടീം പരിശീലന മത്സരങ്ങളിൽ മാത്രമാണ് കളിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കുന്നതിന് മറ്റ് തടസങ്ങളൊന്നുമില്ലെന്നും ഗാംഗുലി വ്യക്തമാക്കി.