കോവിഡ് നിർദേശങ്ങൾ പാലിക്കാൻ ഇന്ത്യൻ സീനിയർ താരങ്ങൾ മടിച്ചിരുന്നു: മുംബൈ ഇന്ത്യൻസ് ഫീൽഡിങ് കോച്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2021 01:41 PM  |  

Last Updated: 11th May 2021 01:41 PM  |   A+A-   |  

rohit_sharma_ipl

അർധ ശതകം കുറിച്ച് രോഹിത്/ ട്വിറ്റർ

 

ഓക്ലാൻഡ്: ബയോ ബബിളിലെ നിർദേശങ്ങൾ പാലിക്കാൻ ഇന്ത്യൻ സീനിയർ താരങ്ങൾക്ക് മടിയായിരുന്നതായി മുംബൈ ഇന്ത്യൻസ് ഫീൽഡിങ് കോച്ച് ജെയിംസ് പമ്മെന്റ്. നിർദേശങ്ങൾ പാലിക്കുന്നതിൽ ഇവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹം പറയുന്നു. 

നിയന്ത്രണങ്ങൾക്ക് വിധേയമായി നിൽക്കാൻ പല ഇന്ത്യൻ സീനിയർ താരങ്ങൾക്കും ഇഷ്ടമായിരുന്നില്ല. മാർ​ഗനിർദേശങ്ങൾ പാലിക്കുന്നതിലും ഇവർ അതൃപ്തരായിരുന്നു. എങ്കിലും ബബിളിനുള്ളിൽ സുരക്ഷിതരാണ് എന്നാണ് അനുഭവപ്പെട്ടത്. ബബിളിൽ പോരായ്മകളുണ്ടെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല. യാത്ര ചെയ്യുക എന്നതായിരുന്നു വെല്ലുവിളി, അദ്ദേഹം പറഞ്ഞു. 

എന്നാൽ ഞങ്ങളുടെ ഇന്ത്യൻ സംഘത്തിലുള്ളവരുടെ കുടുംബങ്ങളെ ഇത് ബാധിച്ചു തുടങ്ങി. ഉറ്റവർ കോവിഡ് ബാധിതരായതിന്റെ വിഷമതകൾ അവരെ അലട്ടി. റോഡിലൂടെ ആംബുലൻസുകൾ പായുന്നത് കണ്ടിരുന്നു. യുദ്ധ ഭൂമിയിൽ നിൽക്കുന്നത് പോലുള്ള അനുഭവം ആയിരുന്നില്ല. എന്നാൽ ടിവിയിൽ കാണുന്നതിൽ നിന്ന് ചുറ്റും ആളുകൾ പ്രയാസപ്പെടുകയാണ് എന്ന് മനസിലാക്കാൻ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. 

ഐപിഎൽ റദ്ദാക്കിയതോടെ പമ്മെന്റ് ഉൾപ്പെടെയുള്ള കിവീസ് താരങ്ങൾ നാട്ടിലേക്ക് തിരികെ എത്തിയിരുന്നു. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കേണ്ട വില്യംസൺ ഉൾപ്പെടെയുള്ള താരങ്ങൾ ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്കാണ് പോയത്. ഇവരുടെ ഇം​ഗ്ലണ്ടിലേക്കുള്ള യാത്ര ഒരാഴ്ച കൂടി വൈകും.