'ഞങ്ങളുടെ കളിക്കാരെ പ്രതീക്ഷിക്കേണ്ട'; ഐപിഎൽ പുനരാരംഭിച്ചാൽ താരങ്ങളെ വിടാനാവില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th May 2021 11:41 AM |
Last Updated: 11th May 2021 11:49 AM | A+A A- |

ഇയാന്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍ / ഫയല്‍
ലണ്ടൻ: ഐപിഎൽ 14ാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ഈ വർഷം നടത്തിയാൽ ഇംഗ്ലണ്ട് കളിക്കാർക്ക് പങ്കെടുക്കാൻ സാധിച്ചേക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജൂൺ മുതൽ ഇംഗ്ലണ്ടിന്റേത് തിരക്കേറിയ ഷെഡ്യൂൾ ആയതിനാൽ ഇംഗ്ലണ്ട് കളിക്കാർ വിട്ടു നിന്നേക്കുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തലവൻ ആഷ്ലേ ഗിൽസ് വ്യക്തമാക്കുന്നത്.
നിലവിൽ രണ്ട് സമയമാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ പൂർത്തിയാക്കാൻ ബിസിസിഐക്ക് മുൻപിലുള്ളത്. ഒന്ന് സെപ്തംബറിന്റെ രണ്ടാം ആഴ്ച മുതൽ ടി20 ലോകകപ്പ് ആരംഭിക്കുന്നത് മുൻപ് വരെ. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ടി20 ലോകകപ്പ്. നവംബർ മധ്യത്തിന് ശേഷം നടത്തുക എന്നതാണ് ബിസിസിഐക്ക് മുൻപിലുള്ള രണ്ടാമത്തെ വഴി.
ഇംഗ്ലണ്ടിന്റെ മത്സരങ്ങളിൽ കളിക്കാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് പദ്ധതിയിടുന്നത് എന്ന് ആഷ്ലേ ഗിൽസ് പറഞ്ഞു. ഇംഗ്ലണ്ടിന്റെ ഫുൾ ഫ്യൂച്ചർ ട്യൂർ പ്രോഗ്രാം തയ്യാറായി കഴിഞ്ഞു. പാകിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള പര്യടനങ്ങൾ നടന്നാൽ കളിക്കാർ അവിടെ ഉണ്ടാവും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, അദ്ദേഹം പറഞ്ഞു.
11 ഇംഗ്ലണ്ട് കളിക്കാരാണ് ഐപിഎല്ലിലെ വ്യത്യസ്ത ഫ്രാഞ്ചൈസികളിലായി കളിക്കുന്നത്. ഐപിഎൽ മത്സരങ്ങൾ എങ്ങനെയാവും പുനരാരംഭിക്കുക എന്നത് സംബന്ധിച്ച് ഒരു വിവരവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. എവിടെ വെച്ച്, ഏത് സമയം എന്നതൊന്നും അറിയില്ല. ന്യൂസിലാൻഡിനെതിരായ കളിയോടെ സമ്മർ സീസൺ ആരംഭിക്കുന്നതോടെ ഞങ്ങൾക്ക് തിരക്കാവുകയാണ്. വളരെ പ്രധാനപ്പെട്ട പല ടൂർണമെന്റുകളും ഈ സമയം ഞങ്ങളുടെ മുൻപിലുണ്ട്. ടി20 ലോകകപ്പും ആഷസും ഉൾപ്പെടെ.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന നൂറ് ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ പങ്കാളിത്തം ഉണ്ടാവണം എന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 21 മുതൽ ആഗസ്റ്റ് 4 വരെയാണ് ദി ഹൺട്രഡ് ടൂർണമെന്റ്. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഇംഗ്ലണ്ട് നിരയിലേക്ക് പല പുതുമുഖങ്ങളേയും കൊണ്ടുവരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തലവൻ ആഷ്ലേ ഗിൽസ് വ്യക്തമാക്കി.