കർമ ഫലം! പാക് ബാറ്റ്സ്മാൻ അബിദ് അലിയോട് പകപോക്കി സിംബാബ്വെ താരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th May 2021 02:19 PM |
Last Updated: 11th May 2021 02:19 PM | A+A A- |

പരിക്കേറ്റ റോയ് കയ്യയെ സ്ട്രച്ചറിൽ മാറ്റുന്നു/വിഡിയോ ദൃശ്യം
ഹരാരെ: സിംബാബ്വെക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് പാകിസ്ഥാൻ സ്വന്തമാക്കിയിരുന്നു. സിംബാബ് വെക്ക് തിരിച്ചടിക്കാൻ ഒരു അവസരവും നൽകാതെയായിരുന്നു പാകിസ്ഥാന്റെ കളി. എന്നാൽ തന്റെ നേർക്ക് അടിച്ച പാക് ബാറ്റ്സ്മാൻ അബിത് അലിയോട് സിംബാബ് വെ ബാറ്റ്സ്മാൻ റോയ് കയ്യ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല.
പാകിസ്ഥാന്റെ ഇന്നിങ്സിന്റെ സമയം ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യുമ്പോൾ അബിത് അലിയുടെ ഷോട്ട് റോയ് കയ്യയുടെ കാൽമുട്ടിലാണ് അടിച്ചുകൊണ്ടത്. വേദന കൊണ്ട് പുളഞ്ഞ സിംബാബ്വെ താരത്തിന് കാലുകുത്തി ക്രീസിൽ നിൽക്കാനാവാത്ത അവസ്ഥയുണ്ടായി. രണ്ടാം ദിനത്തിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോഴും വേദന കയ്യയെ അലട്ടി. എന്നാൽ അബിത് അലിക്ക് തിരിച്ചടി നൽകുന്നതിൽ നിന്നും ഇത് സിംബാബ് വെ താരത്തെ തടഞ്ഞില്ല.
ഹസൻ അലി സിംബാബ് വെ ബാറ്റിങ് നിരയ്ക്ക് മുകളിൽ കയറി ഇറങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. സജിദ് ഖാനിൽ നിന്ന് വന്ന ഔട്ട്സൈഡ് ഓഫ് ഡെലിവറിയിൽ കരുത്ത് നിറച്ച് സ്വീപ്പ് ഷോട്ട് കളിക്കാൻ സിംബാബ് വെ താരം രണ്ടാമതൊന്ന് ആലോചിച്ചില്ല. ഈ സമയം ഷോർട്ട് ലെഗിൽ നിന്നിരുന്നത് അബിത് അലി.
അബിദ് അലിയുടെ കൈമുട്ടിലാണ് പന്ത് വന്നടിച്ചത്. വേദന സഹിക്കാനാവാതെ അബിദ് അലിക്കും ഗ്രൗണ്ട് വിടേണ്ടി വന്നു. ഇങ്ങനെ അടിയും തിരിച്ചടിയും ഒരു കളിയിൽ കണ്ടതിന്റെ കൗതുകത്തിലാണ് ആരാധകർ.