ക്യാപ്റ്റൻസി മത്സരം ശിഖർ ധവാനും ഹർദിക്കും തമ്മിൽ; ഫിറ്റ്നസ് വീണ്ടെടുത്താൽ ശ്രേയസ് നയിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th May 2021 10:28 AM |
Last Updated: 12th May 2021 10:37 AM | A+A A- |

ശിഖർ ധവാൻ/ഫയൽ ചിത്രം
ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നതാര് എന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ നായകത്വത്തിലേക്ക് എത്തുന്നതിൽ ശിഖർ ധവാനും ഹർദിക് പാണ്ഡ്യയും തമ്മിലാണ് മത്സരം എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ സമയമാണ് മറ്റൊരു ടീമിനെ വൈറ്റ്ബോൾ പരമ്പരയ്ക്കായി ഇന്ത്യ ശ്രീലങ്കയിലേക്ക് അയക്കുന്നത്. രോഹിത്, കോഹ് ലി എന്നിവർ ടെസ്റ്റ് ടീമിനൊപ്പമായിരിക്കെ ആരായിരിക്കും വൈറ്റ്ബോൾ ടീമിനെ നയിക്കുക എന്ന് അറിയാൻ കൗതുകത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.
പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ലങ്കൻ പര്യടനത്തിന്റെ സമയമാവുമ്പോഴേക്കും തിരിച്ചെത്താൻ കഴിയുമോ എന്ന് വ്യക്തമല്ല. തിരിച്ചെത്തിയാൽ ശ്രേയസിന്റെ കൈകളിലേക്കാവും നായക സ്ഥാനം നൽകുക എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ശ്രേയസിന്റെ അഭാവം വന്നാൽ ഹർദിക്, ധവാൻ എന്നിവരെയാണ് പരിഗണിക്കുന്നത്.
ബൗളിങ്ങിൽ ഹർദിക്കിനെ കൂടുതലായി പ്രയോജനപ്പെടുത്താൻ സാധിക്കാത്തതും ബാറ്റിങ്ങിൽ താളം കണ്ടെത്താനാവാത്തതും ഹർദിക്കിന് തിരിച്ചടിയാണ്. എന്നാൽ ഹർദിക്കിലെ എക്സ് ഫാക്ടർ പരിഗണിക്കുന്നു എന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഹർദിക്കിനേക്കാൾ മുൻതൂക്കം ഇവിടെ ധവാനാണ്. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളും ധവാന് നല്ലതായിരുന്നു. ടീമിലെ സീനിയർ താരവുമാണ് ധവാൻ.