ന്യൂഡൽഹി: വിക്കറ്റിന് പിന്നിൽ നിന്ന് ധോനി നൽകുന്ന നിർദേശങ്ങളും അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ലഭിക്കുന്നില്ലെന്നത് വിഷമിപ്പിക്കുന്നതായി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. കരിയറിലെ മോശം ഘട്ടത്തിലൂടെ കടന്നു പോകുന്നതിനെ കുറിച്ചാണ് കുൽദീപിന്റെ പ്രതികരണം.
മഹി ഭായി ഉണ്ടായിരുന്നപ്പോൾ ഞാനും ചഹലും ഒരുമിച്ച് കളിച്ചിരുന്നു. അദ്ദേഹം പോയത് മുതൽ ഞാനും ചഹലും ഒരുമിച്ച് കളിച്ചിട്ടില്ല. മഹി ഭായി പോയതിന് ശേഷം ഏതാനും മത്സരങ്ങൾ മാത്രമാണ് ഞാൻ കളിച്ചത്. വിക്കറ്റിന് പിന്നിൽ നിന്നുള്ള ധോനിയുടെ നിർദേശങ്ങൾ ഒരുപാട് ഗുണം ചെയ്തിരുന്നു. ബൗളർക്ക് അങ്ങനെ നിർദേശങ്ങൾ നൽകാൻ ഒരു പങ്കാളി വേണം എന്നാണ് എന്റെ അഭിപ്രായം. റിഷഭ് പന്ത് ഇവിടെയുണ്ട്. കൂടുതൽ മത്സരം കളിക്കുംതോറും അത്തരം സംഭാവനകൾ നൽകാൻ പന്തും പ്രാപ്തമാകും.
എന്റെ കരിയർ എടുത്ത് നോക്കിയാൽ മാന്യമായ പ്രകടനം ആണെന്ന് കാണാം. എന്നാൽ ഇഴകീറി നോക്കിയാൽ വേണ്ട നിലവാരത്തിലല്ലെന്ന് തോന്നും, കുൽദീപ് പറഞ്ഞു. ഞാൻ പ്രതീക്ഷിച്ച അത്ര മത്സരങ്ങൾ കളിക്കാൻ എനിക്കായില്ല. അത് എന്റെ ആത്മവിശ്വാസത്തേയും ബാധിച്ചു. തുടരെ കളിച്ചുകൊണ്ടിരിക്കുമ്പോൾ കളിക്കാർക്ക് ആത്മവിശ്വാസം അനുഭവപ്പെടും. എത്ര കളിയിൽ മാറ്റിനിർത്തപ്പെടുന്നുവോ അത്രയും ബുദ്ധിമുട്ടാവും തിരികെ വരാൻ. ഫെബ്രുവരിയിൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിച്ചത് വലിയ സമ്മർദത്തിൽ നിന്നാണ്.
കൊൽക്കത്ത ടീമിൽ അവസരം ലഭിക്കാതിരുന്നതാണ് എന്നെ ഏറെ നിരാശപ്പെടുത്തിയത്. അത്രയും മോശമാണോ ഞാൻ എന്നോർത്ത് അത്ഭുതം തോന്നി. മാറ്റി നിർത്തുക എന്നത് ടീം മാനേജ്മെന്റിന്റെ തീരുമാനമാണ്. അവരുടെ പക്കൽ പോയി അത് ചോദ്യം ചെയ്യുന്നത് ശരിയല്ല. ചെന്നൈയിലെ പിച്ചിൽ ടേൺ ലഭിക്കുന്നതാണ് എന്നറിഞ്ഞിട്ടും എന്നെ ടീമിൽ ഉൾപ്പെടുത്തിയില്ല.അത് എന്നെ ഞെട്ടിച്ചു. എന്നാൽ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല, കുൽദീപ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ