ആദ്യ 8 കളി പിന്നിട്ടപ്പോൾ 11ാം സ്ഥാനത്ത്, ​ഗാർഡിയോള മാജിക്ക് വീണ്ടും; പ്രീമിയർ ലീ​ഗ് കിരീടം ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2021 11:07 AM  |  

Last Updated: 12th May 2021 11:07 AM  |   A+A-   |  

Manchester-City-coach-Pep-Guardiola-_16aca93c4f0_large

പെപ്പ് ഗാര്‍ഡിയോള/ഫയല്‍ ഫോട്ടോ

 

മാഞ്ചസ്റ്റർ: ലെയ്സ്റ്ററിനോട് മാഞ്ചസ്റ്റർ യുനൈറ്റഡ് തോറ്റതോടെ തങ്ങളുടെ ഏഴാം പ്രീമിയർ ലീ​ഗ് കിരീടം ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. ​ഗാർഡിയോളയ്ക്ക് കീഴിലെ സിറ്റിയുടെ മൂന്നാം പ്രീമിയർ ലീ​ഗ് കിരീടമാണ് ഇത്. ഏറ്റവും പ്രയാസപ്പെട്ട് നേടിയ കിരീടം എന്നാണ് ​ഗാർഡിയോള ഇതിനെ വിശേഷിപ്പിച്ചത്. 2-1നാണ് യുനൈറ്റഡിനെ ലെയ്സ്റ്റർ വീഴ്ത്തിയത്. 

സീസണിൽ മൂന്ന് മത്സരങ്ങൾ കൂടി കളിക്കാനിരിക്കെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. രണ്ടാമതുള്ള ടീമുമായി 10 പോയിന്റിന്റെ വ്യത്യാസമാണ് സിറ്റിക്കുള്ളത്. സീസൺ ആരംഭിച്ച് ആദ്യ എട്ട് മത്സരങ്ങൾ പിന്നിട്ട സമയം 11ാം സ്ഥാനത്തായിരുന്നു മാഞ്ചസ്റ്റർ സിറ്റി. എന്നാൽ 28 ലീ​ഗ് മത്സരങ്ങൾ ജയിച്ച് ​ഗാർഡിയോള കാര്യങ്ങളെ കീഴ്മേൽ മറിച്ചു.  

സ്ട്രൈക്കർമാരിലെ പോരായ്മ പിന്നോട്ടടിക്കുമെന്ന് തോന്നിച്ചപ്പോൾ ​ഗോൾ വല കുലുക്കുന്നതിൽ ​ഗാർഡിയോളയുടെ തന്ത്രങ്ങൾ ഫലം കണ്ടു. റുബൻ ഡയസിന്റെ വരവോടെ പ്രതിരോധവും കരുത്തുറ്റതായി. ഈ സീസണും പ്രീമിയർ ലീ​ഗും കഴിഞ്ഞു പോയവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു. ഇതായിരുന്നു ഏറ്റവും കഠിനമായത്. ​ഗാർഡിയോള പറഞ്ഞു. 

ഇനി ചാമ്പ്യൻസ് ട്രോഫിയിലേക്കാണ് ​ഗാർഡിയോളയുടെ കണ്ണ്. 2011ൽ ബാഴ്സയ്ക്കൊപ്പം നിന്ന് ചാമ്പ്യൻസ് ലീ​ഗ് കിരീടം ഉയർത്തിയതിന് ശേഷം ഈ നേട്ടത്തിലേക്ക് എത്താൻ ​ഗാർഡിയോളയ്ക്ക് കഴിഞ്ഞിട്ടില്ല. ചെൽസിയാണ് ചാമ്പ്യൻസ് ലീ​ഗിൽ സിറ്റിയുടെ എതിരാളികൾ. മെയ് 29നാണ് ഫൈനൽ.