ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലോടെ കളി മതിയാക്കും; വിരമിക്കൽ പ്രഖ്യാപനവുമായി ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2021 01:35 PM  |  

Last Updated: 12th May 2021 01:35 PM  |   A+A-   |  

new zealand wicket keeper jb_walting

ജെ ബി വാൾട്ടിങ്/ഫോട്ടോ: ട്വിറ്റർ, ഐസിസി

 

വെല്ലിങ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബി ജെ വാൾട്ടിങ്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് കളി മതിയാക്കുന്നതെന്ന് വാൾട്ടിങ് പറയുന്നു.  അടുത്തിടെ അദ്ദേഹത്തിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചിരുന്നു.

പരിശീലകൻ എന്ന നിലയിൽ ക്രിക്കറ്റിൽ തുടരുമെന്ന് 35കാരനായ കിവീസ് താരം വ്യക്തമാക്കി. 75 ടെസ്റ്റുകളാണ് വാൾട്ടിങ് ന്യൂസിലാൻഡിന് വേണ്ടി കളിച്ചത്. 28 ഏകദിനങ്ങളിലും കിവീസ് കുപ്പായം അണിഞ്ഞു. 2019ൽ ഇം​ഗ്ലണ്ടിനെതിരെ വാൾട്ടിങ് ഇരട്ട ശതകം നേടിയിരുന്നു. ഇം​ഗ്ലണ്ടിനെതിരെ ഇരട്ട ശതകം നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന നേട്ടം വാൾട്ടിങ് ഇവിടെ സ്വന്തമാക്കി. 

ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട ശതകം തൊടുന്ന ഒൻപതാമത്തെ വിക്കറ്റ് കീപ്പറാണ് വാൾട്ടിങ്. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് വട്ടമാണ് 350 റൺസ് പിറന്ന കൂട്ടുകെട്ടിൽ വാൾട്ടിങ് പങ്കാളിയായത്. 2014ൽ മക്കല്ലത്തിനൊപ്പവും 2015ൽ വില്യംസണിന് ഒപ്പവുമായിരുന്നു ഇത്. ടെസ്റ്റിൽ എട്ട് സെഞ്ചുറികൾ നേടിയിട്ടുണ്ട്. 

3773 റൺസ് ആണ് ടെസ്റ്റിലെ വാൾട്ടിന്റെ സമ്പാദ്യം. വിക്കറ്റ് കീപ്പറായി നിന്ന് 249 ക്യാച്ചുകളും എട്ട് സ്റ്റംപിങ്ങും വാൾട്ടിന്റെ പേരിലുണ്ട്. ജൂണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ ന്യൂസിലാൻഡ് നേരിടുന്നത്.