ഐപിഎൽ ഉപേക്ഷിച്ചാലും ഓസീസ് കളിക്കാർക്ക് ലഭിക്കുക 100 കോടിക്ക് മുകളിൽ, ഇനി കളിക്കാൻ എത്തിയില്ലെങ്കിലും മുഴുവൻ പ്രതിഫലം

സീസണിൽ ബാക്കിയുള്ള 31 മത്സരങ്ങൾ ഈ വർഷം പൂർത്തിയാക്കാൻ സാധിക്കുമോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം

ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് നിറയുന്നത്. സീസണിൽ ബാക്കിയുള്ള 31 മത്സരങ്ങൾ ഈ വർഷം പൂർത്തിയാക്കാൻ സാധിക്കുമോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ സീസൺ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും ഐപിഎല്ലിന്റെ ഭാ​ഗമായ ഓസ്ട്രേലിയൻ സംഘത്തിന് 100 കോടിക്ക് മുകളിൽ തുക ലഭിക്കുമെന്നാണ് റിപ്പോർട്ട്. 

ഐപിഎൽ സീസൺ റദ്ദാക്കിയാലും ഓസ്ട്രേലിയൻ കളിക്കാർക്ക് 18 മില്യൺ ഡോളർ ലഭിക്കും. ഓസ്ട്രേലിയൻ കളിക്കാരുടെ കരാറിന്റെ ഭാ​ഗമായ ഇൻഷൂറൻസ് ആണ് ഇവിടെ അവരെ തുണയ്ക്കുന്നത്. ഫോക്സ് സ്പോർട്സ് ഓസ്ട്രേലിയയാണ് കളിക്കാരുടെ പ്രതിഫലം മുഴുവൻ ലഭിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎൽ സീസൺ റദ്ദാക്കിയാലും മറ്റ് കാരണങ്ങളെ തുടർന്ന് ഓസ്ട്രേലിയൻ താരങ്ങൾക്ക് കളിക്കാൻ എത്താനാവാതെ വന്നാലും മുഴുവൻ പ്രതിഫലവും ലഭിക്കും. 

എന്നാൽ ഐപിഎല്ലിന്റെ ഭാ​ഗമായ എല്ലാ കളിക്കാർക്കും ഇത്തരത്തിൽ മുഴുവൻ പ്രതിഫലവും ലഭിക്കുമോ എന്നത് വ്യക്തമല്ല. ഐപിഎൽ സീസൺ പൂർത്തിയാക്കാനാവാതെ പോയാൽ 2500 കോടി രൂപയുടെ നഷ്ടം ബിസിസിഐക്ക് നേരിടേണ്ടി വരുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ​ഗാം​ഗുലി പറഞ്ഞത്. യുഎഇ, ശ്രീലങ്ക, ഇം​ഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഐപിഎല്ലിന്റെ വേദിയായി പരി​ഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

ബയോ ബബിളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മെയ് നാലിനാണ് സീസൺ നിർത്തിവെക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാൽ ഓസ്ട്രേലിയയിലേക്ക് യാത്ര വിലക്ക് തുടരുന്നതോടെ ഇന്ത്യയിൽ നിന്ന് മാലീദ്വീപിലേക്ക് പറക്കുകയായിരുന്നു ഓസീസ് താരങ്ങൾ. മെയ് 15ന് ശേഷം ഇവർക്ക് ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താനാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com