'കളി മോശമായാൽ ഫുട്ബോളിൽ ആദ്യം പുറത്താക്കുക കോച്ചിനെ, എന്തുകൊണ്ട് ക്രിക്കറ്റിലും ഇതായിക്കൂടാ?'
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th May 2021 02:09 PM |
Last Updated: 14th May 2021 02:09 PM | A+A A- |

ഡേവിഡ‍് വാർണർ/ ട്വിറ്റർ
മുംബൈ: സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ ക്യാപ്റ്റനെ മാറ്റിയതിനൊപ്പം കോച്ചിനേയും മാറ്റേണ്ടിയിരുന്നില്ലേ എന്ന ചോദ്യവുമായി ഇന്ത്യൻ മുൻ നായകൻ സുനിൽ ഗാവസ്കർ. ആദ്യ ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റതോടെയാണ് സൺറൈസേഴ്സിന്റെ നായക സ്ഥാനത്ത് നിന്നും വാർണറെ മാറ്റിയത്.
ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ വാർണറെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയ തീരുമാനത്തിൽ അവർ പുനർവിചിന്തരം നടത്തണം. മുൻ സീസണുകളിലേത് പോലെ തിളങ്ങാനായില്ലെങ്കും വാർണർ റൺസ് കണ്ടെത്തി കൊണ്ടിരുന്നു. ടീമിലെ മറ്റ് താരങ്ങൾ നിറം മങ്ങി നിന്നപ്പോൾ വാർണർ നേടിയ റൺസ് വിലമതിക്കാനാവാത്തതാണെന്ന് ഗാവസ്കർ ചൂണ്ടിക്കാണിച്ചു.
ഇങ്ങനെ റൺസ് കണ്ടെത്തിയിട്ടും പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയത് അവിശ്വസനീയം എന്നേ പറയാനാവു. ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാൻ വാർണർക്ക് കഴിയുമായിരുന്നു. ടീമിന്റെ തുടർ തോൽവിയിൽ ഉത്തരവാദിയായെന്ന് പറഞ്ഞ് ക്യാപ്റ്റനെ മാറ്റുന്നതിനൊപ്പം കോച്ചിങ് സ്റ്റാഫിലുള്ളവരേയും മാറ്റണ്ടേ?
ഫുട്ബോളിലെല്ലാം ടീമിന്റെ പ്രകടനം മോശമായാൽ പരിശീലകർക്കാണ് ആദ്യം പുറത്തേക്കുള്ള വഴി തുറക്കുക. എന്തുകൊണ്ട് ക്രിക്കറ്റിലും അതേ വഴി പിന്തുടർന്നു കൂടാ എന്ന് ഗാവസ്കർ ചോദിക്കുന്നു. ഐപിഎൽ സീസൺ പാതി വഴിയിൽ നിർത്തുമ്പോൾ കൂടുതൽ ആശ്വാസം ലഭിക്കുന്ന ടീം സൺറൈസേഴ്സ് ഹൈദരാബാദ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീർത്തും നിറം മങ്ങിയ തുടക്കമാണ് അവർക്ക് ലഭിച്ചത്. തെറ്റിപ്പോയ തീരുമാനങ്ങളെ കുറിച്ച് പുനർവിചിന്തരം നടത്താനുള്ള അവസരമാണ് അവർക്ക് മുൻപിൽ ഇപ്പോൾ തുടർന്നിരിക്കുന്നതെന്നും ഗാവസ്കർ പറഞ്ഞു