ഹോസ്പിറ്റൽ ബെഡ് ലഭിക്കുക ഇത്ര പ്രയാസമാവുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല: ഹനുമാ വിഹാരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2021 01:27 PM  |  

Last Updated: 14th May 2021 01:27 PM  |   A+A-   |  

vihari rahane- indian team

ഹനുമ വിഹാരിയെ അഭിനന്ദിക്കുന്ന ക്യാപ്റ്റൻ അജിൻക്യ രഹാനെ/ ട്വിറ്റർ

 

ന്യൂഡൽഹി: വേദന കടിച്ചമർത്തി സിഡ്നിയിൽ ടെസ്റ്റ് സമനിലയിലാക്കാൻ പൊരുതി നിന്നതിനേക്കാൾ ആത്മസംതൃപ്തിയാണ് ആവശ്യക്കാർക്ക് ഹോസ്പിറ്റൽ ബെഡും ഓക്സിജൻ സിലിണ്ടറും കണ്ടെത്തി കൊടുക്കുമ്പോഴെന്ന് ഇന്ത്യൻ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ഹനുമാ വിഹാരി. 100 വോളന്റിയേഴ്സ് അടങ്ങിയ സംഘത്തെ സൃഷ്ടിച്ചായിരുന്നു ആന്ധ്ര, തെലങ്കാന, കർണാടക മേഖലയിൽ ഹനുമാ വിഹാരി സഹായങ്ങൾ എത്തിച്ചത്. 

സ്വയം പുകഴ്ത്താൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. താഴെത്തട്ടിലുള്ള ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ഞാൻ ശ്രമിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തിൽ യഥാർഥത്തിൽ എല്ലാ സഹായം ആവശ്യമായുള്ളത് അവർക്കാണ്. ഈ സഹായങ്ങൾ ഒരു തുടക്കം മാത്രമാണെന്നും താരം പറഞ്ഞു. 

രണ്ടാം തരം​ഗം ശക്തമായപ്പോൾ ഹോസ്പിറ്റൽ കിടക്ക ലഭിക്കുക എന്നത് വളരെ പ്രയാസമുള്ളതായി മാറി. ചിന്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് അത്. അതിനാലാണ് എന്നെ ഫോളോ ചെയ്യുന്നവരെ ചേർത്ത് കഴിയുന്നത്ര ആളുകളെ സഹായിക്കാൻ ഇറങ്ങിയത്. അനിവാര്യമായ മരുന്നുകൾ, പ്ലാസ്മ, ഹോസ്പിറ്റൽ ബെഡ് എന്നിവ താങ്ങാൻ കഴിയാത്ത ആളുകളിലേക്കാണ് പ്രധാനമായും ഞങ്ങൾ ശ്രദ്ധ കൊടുത്തത്. 

എന്നാൽ ഇതൊന്നും പോര. ഭാവിയിലും സഹായങ്ങൾ നൽകണം എന്നാണ് എന്റെ ആ​ഗ്രഹം. നല്ല ഉദ്ധേശത്തോടെ നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ അതിൽ പ്രചോദിതരായി നമുക്കൊപ്പം ആളുകൾ വന്ന് ചേരും. 100 അം​ഗങ്ങൾ വോളന്റിയേഴ്സ് ആയുള്ള വാട്ട്സ് ആപ്പ് ​ഗ്രൂപ്പ് ഞാൻ സ‍ൃഷ്ടിച്ചു. അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് സഹായങ്ങൾ എത്തിക്കാനായത്. 

ഞാൻ ക്രിക്കറ്റ് താരമാണ്. പ്രശസ്തനാണ്. പക്ഷേ എന്റെ ഒപ്പമുള്ളവരുടെ ശ്രമം മൂലമാണ് സഹായം വേണ്ടവരെ കണ്ടെത്താനും അവരെ സഹായിക്കാനും കഴിഞ്ഞത്. അവർ വേണ്ട തിരച്ചിൽ നടത്തി എന്നോട് പറഞ്ഞു. എന്റെ സമൂഹമാധ്യമങ്ങളിലൂടേയും മറ്റ് വഴിയിലൂടേയും സഹായങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. ഭാര്യയും സഹോദരിയുമെല്ലാം വോളന്റിയേഴ്സിൽ അം​ഗമായിരുന്നു എന്നും വിഹാരി പറഞ്ഞു. 

ഇന്ത്യൻ ടീം ആവശ്യപ്പെടുന്ന എന്തും ചെയ്യാൻ താൻ തയ്യാറാണെന്നും വിഹാരി പറഞ്ഞു, കരിയറിൽ ഉടനീളം ടോപ് ഓർഡറിലാണ് ഞാൻ ബാറ്റ് ചെയ്തത്. അതിനാൽ ഇം​ഗ്ലണ്ട് ടൂറിലെ വെല്ലുവിളി എനിക്ക് നേരിടാനാവും. എന്റെ സ്ഥാനത്ത് വാഷിങ്ടൺ സുന്ദർ മികവ് കാണിച്ചു എന്ന് അറിയാം. എന്നാൽ എന്റെ കളിയിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നും വിഹാരി വ്യക്തമാക്കി.