ഇംഗ്ലണ്ടിലേക്ക് പറക്കും മുന്‍പ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് ടെസ്റ്റുകള്‍; ബിസിസിഐ പദ്ധതികള്‍ ഇങ്ങനെ

ഇംഗ്ലണ്ടിലേക്ക് പറക്കും മുന്‍പ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് ടെസ്റ്റുകള്‍; ബിസിസിഐ പദ്ധതികള്‍ ഇങ്ങനെ
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി ബ്രിട്ടനിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് പരിശോധനകള്‍ നടത്തുമെന്ന് ബിസിസിഐ. മുംബൈയില്‍ നിന്ന് ഈ മാസം ജൂണ്‍ രണ്ടിനാണ് ടീം യാത്ര പുറപ്പെടുന്നത്. ഇതിന് മുന്‍പ് ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് ബിസിസിഐ ഉന്നതന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.  

'താരങ്ങള്‍ക്ക് മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തും. എല്ലാവരും ഈ മാസം 19ന് മുംബൈയില്‍ എത്തും. ശേഷം 14 ദിവസം ക്വാറന്റൈന്‍. നിരീക്ഷണ കാലാവധി കഴിഞ്ഞാല്‍ ജൂണ്‍ രണ്ടിന് ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും'- ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. 

ഇംഗ്ലണ്ടിലേക്ക് പറക്കും മുന്‍പ് ടീമിലെ എല്ലാവരും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കും. രണ്ടാം ഡോസ് താരങ്ങള്‍ക്ക് ബ്രിട്ടനില്‍ വച്ച് സ്വീകരിക്കാവുന്നതാണ്. ഒന്നാം ഡോസ് ഇവിടെ വച്ച് എടുത്ത താരങ്ങള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്ന് ബിസിസിഐ നടത്തുമെന്ന് നേരത്തെ മറ്റൊരു ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കിയിരുന്നു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18 മുതല്‍ ഇംഗ്ലണ്ടിലെ സതാംപ്ടനിലാണ് ആരംഭിക്കുന്നത്. ന്യൂസിലന്‍ഡാണ് കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളി. ഇതിന് പിന്നാലെ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഈ ടീം തന്നെയാണ് കളിക്കുക. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com