റെക്കോർഡിട്ട് ചെന്നൈ-മുംബൈ പോര്; ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട മിഡ് സീസൺ മത്സരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th May 2021 11:47 AM |
Last Updated: 15th May 2021 11:47 AM | A+A A- |

രോഹിത് ശർമ, എം എസ് ധോനി/ഫയൽ ചിത്രം
മുംബൈ: ഐപിഎൽ ചരിത്രത്തിലെ മിഡ് സീസണിൽ ഏറ്റവും കൂടുതൽ പേർ കണ്ടതിന്റെ റെക്കോർഡ് സ്വന്തമാക്കി ഈ സീസണിൽ നടന്ന മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്സ് പോര്. മെയ് ഒന്നിനാണ് മുംബൈ-ചെന്നൈ പോര് നടന്നത്
ഐപിഎൽ ഉദ്ഘാടന മത്സരവും ഫൈനലും അല്ലാതെയുള്ള കളികളാണ് മിഡ് സീസൺ മത്സരങ്ങളായി പറയുന്നത്.പൊള്ളാർഡിന്റെ ബാറ്റിങ് മികവിൽ നാല് വിക്കറ്റിന് മുംബൈ ജയം പിടിച്ചു.11.2 മില്യൺ മിനിറ്റോടെ മുംബൈ-ചെന്നൈ പോര് ഏറ്റവും കൂടുതൽ പേർ കണ്ട മത്സരമായി മാറിയിരിക്കുന്നതായി ഡിസ്നി-സ്റ്റാർ നെറ്റ്വർക്ക് വ്യക്തമാക്കി.
2020 സീസണിൽ 357 മില്യൺ ആളുകളാണ് ഐപിഎൽ കണ്ടത്. എന്നാൽ ഈ സീസണിൽ മിഡ് സീസൺ മത്സരങ്ങൾ കണ്ടവർ 367 മില്യൺ പിന്നിട്ടു. ഐപിഎല്ലിന്റെ പ്രചാരം വർധിക്കുന്നതിന്റെ തെളിവാണ് ഇതെന്നും സ്റ്റാർ നെറ്റ്വർക്ക് അവകാശപ്പെടുന്നു.
31 മത്സരങ്ങളാണ് ഇനിയും ഐപിഎല്ലിൽ ബാക്കിയുള്ളത്. ബയോ ബബിളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ഇന്ത്യയിൽ കോവിഡ് സാഹചര്യം രൂക്ഷമാവുകയും ചെയ്തതോടെ ഐപിഎൽ അനിശ്ചിത കാലത്തേക്ക് നിർത്തി വെക്കുകയായിരുന്നു. ടി20 ലോകകപ്പിന് മുൻപോ ടി20 ലോകകപ്പിന് ശേഷമോ ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ ബിസിസിഐ തേടുന്നത്.