ബാബർ അസമല്ല, ഈ തലമുറയിലെ നമ്പർ 1 ബാറ്റ്സ്മാൻ കോഹ്ലി: മുഹമ്മദ് യൂസഫ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2021 12:26 PM  |  

Last Updated: 15th May 2021 12:26 PM  |   A+A-   |  

kohli_drs

വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം

 

ലാഹോർ: ഈ തലമുറയിലെ നമ്പർ 1 ബാറ്റ്സ്മാൻ വിരാട് കോഹ് ലിയാണെന്ന് പാകിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫ്. കഴിഞ്ഞ തലമുറയിലെ കളിക്കാരുമായി ഇപ്പോഴുള്ളവരെ താരതമ്യപ്പെടുത്തുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഏകദിനത്തിനും ടെസ്റ്റിലുമായി 70 സെഞ്ചുറി കോഹ് ലിയുടെ പേരിലുണ്ട്. ഏകദിനത്തിൽ 12000 റൺസ് കണ്ടെത്തി കഴിഞ്ഞു. ടെസ്റ്റിലെ റൺവേട്ടയിലും കുറവില്ല. ടി20യിലും കോഹ് ലിയുടേത് മികച്ച കണക്കുകളാണ്. മൂന്ന് ഫോർമാറ്റിലും കോഹ് ലിയുടെ പ്രകടനം ഉയർന്ന നിലവാരത്തിലാണ്. പുതു തലമുറയിലെ നമ്പർ 1 ബാറ്റ്സ്മാനാണ് കോഹ് ലി. ഞാൻ മുൻപ് പറഞ്ഞിട്ടുള്ളത് പോലെ, കഴിഞ്ഞ തലമുറയെ ഈ തലമുറയുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല. കോഹ് ലിയുടെ നേട്ടങ്ങൾ അതിശയിപ്പിക്കുന്നതാണ്, മുഹമ്മദ് യൂസഫ് പറഞ്ഞു. 

ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, വിരാട് കോഹ് ലി എന്നിവർക്കൊപ്പം പാകിസ്ഥാന്റെ ബാബർ അസമിന്റെ പേരും ഒപ്പം ചേർക്കുന്നുണ്ട് ക്രിക്കറ്റ് ലോകം. കോഹ് ലിയേക്കാൾ മികവ് ബാബറിനാണെന്ന വാദവും പലരും ഉന്നയിച്ചിരുന്നു. എന്നാൽ മുൻ പാക് താരം കൂടിയായിട്ടും കോഹ് ലിക്കൊപ്പം നിൽക്കുകയാണ് മുഹമ്മദ് യൂസഫ്. 

മൂന്ന് ഫോർമാറ്റിലും റാങ്കിങ്ങിൽ ടോപ് 5ൽ കോഹ് ലിയുണ്ട്. കോഹ് ലി പരിശീലനം നടത്തുന്നത് ഞാൻ നേരിട്ട് കണ്ടിട്ടില്ല. ചില പരിശീലന വീഡിയോകൾ ട്വിറ്ററിലും മറ്റും കണ്ടിരുന്നു. എന്താണ് മോഡേൺ ക്രിക്കറ്റ് എന്ന് ചോദിച്ചാൽ അത് ട്രെയ്നിങ് ആണെന്നാണ് ഞാൻ പറയുക. ഈ തലമുറയിലെ കളിക്കാർ ഫിറ്റും ഫാസ്റ്റുമാണ്. അവരുടെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം അതാണെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു.