‘ആ ‘ത്രീഡി’ ട്രോൾ വൈറലായി എന്നേ ഉള്ളു; അമ്പാട്ടിയുമായി ഒരു പ്രശ്നവുമില്ല‘- വിജയ് ശങ്കർ പറയുന്നു

‘ആ ‘ത്രീഡി’ ട്രോൾ വൈറലായി എന്നേ ഉള്ളു; അമ്പാട്ടിയുമായി ഒരു പ്രശ്നവുമില്ല‘- വിജയ് ശങ്കർ പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: ഓർമ്മയില്ലേ ഇന്ത്യൻ ക്രിക്കറ്റിലെ ‘ത്രീഡി’ താരത്തെക്കുറിച്ച്. തമിഴ്നാട് താരം വിജയ് ശങ്കറാണ് ഇന്ത്യൻ ക്രിക്കറ്റിലെ ത്രീഡി താരം എന്ന വിശേഷണം കിട്ടിയ കളിക്കാരൻ. 2019ലെ ഏകദിന ലോകകപ്പ് സമയത്ത് അമ്പാട്ടി റായുഡുവിനെ തഴഞ്ഞ് വിജയ് ശങ്കറിനെ ടീമിലെടുത്തതിനെതിരെ വിമർശനം ഉയർന്നപ്പോൾ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന എംഎസ്കെ പ്രസാദ് പറഞ്ഞ പ്രയോ​ഗമായിരുന്നു ‘ത്രീഡി’. ബാറ്റിങ്, ഫീൽഡിങ്, ബൗളിങ് എന്നിങ്ങനെ ത്രിമുഖ പ്രതിഭയാണ് വിജയ് ശങ്കർ എന്ന അർഥത്തിലാണ്  പ്രസാദ് അദ്ദേഹത്തെ ‘ത്രീഡി താരം’ എന്ന് വിശേഷിപ്പിച്ചത്.

വിജയ് ശങ്കറിന്റെ പ്രത്യേകത വിവരിക്കാൻ പ്രസാദ് ഈ വാക്ക് പ്രയോ​ഗിച്ചെങ്കിലും പിന്നീട് അത് തലവേ​ദനയായി മാറിയത് വിജയ് ശങ്കറിന് തന്നെയാണ്. താരത്തെ ട്രോളാനുള്ള പ്രധാന ഉപാധിയായി ഈ പ്രയോഗം മാറി. ടീമിലിടം കിട്ടാതെ പോയതിന്റെ നിരാശ അമ്പാട്ടി റായുഡു പ്രകടിപ്പിച്ചത് അന്ന് ഇതേ ത്രീഡി പ്രയോ​ഗം കടമെടുത്തായിരുന്നു.  

പ്രസാദിന്റെ പ്രയോഗത്തെ ‘ട്രോളി’ ലോകകപ്പ് കാണാൻ താനൊരു ‘ത്രീഡി കണ്ണട’യ്ക്ക് ഓർഡർ നൽകിയിട്ടുണ്ടെന്ന റായുഡുവിന്റെ ട്വീറ്റാണ് ത്രീഡി പ്രയോഗം വൈറലാക്കിയത്. അവിടുന്നിങ്ങോട്ട് വിജയ് ശങ്കറിന്റെ പ്രകടനം മോശമാകുമ്പോഴെല്ലാം ട്രോളുകളിൽ ഈ ത്രീഡി പ്രയോഗം നിറയും. 

ഇപ്പോഴിതാ അന്നത്തെ സംഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് വിജയ് ശങ്കർ. ‘ആ പ്രയോഗവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അവർ (സെലക്ടർമാർ) വെറുതേ എനിക്കു തന്നൊരു വിശേഷണം അപ്രതീക്ഷിതമായി വൈറലാകുകയായിരുന്നു. ആ സംഭവത്തിനു ശേഷം ഞാൻ ഇന്ത്യയ്ക്കായി ലോകകപ്പിൽ മൂന്നു മത്സരം കളിച്ചു. ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അല്ലാതെ എന്റെ ഭാഗത്തുനിന്ന് മോശമായി ഒന്നും സംഭവിച്ചിട്ടില്ല’ – വിജയ് ശങ്കർ പറഞ്ഞു.

‘ഒട്ടേറെപ്പേർ എന്നെ അമ്പാട്ടി റായുഡുവുമായി താരതമ്യം ചെയ്യുന്നുണ്ട്. പക്ഷേ ഞങ്ങൾ കളിക്കുന്ന സ്ഥാനവും സാഹര്യങ്ങളും തികച്ചും വ്യത്യസ്തമാണ്. ഇത്തരം താരതമ്യങ്ങൾ പ്രശ്നമല്ല. പക്ഷേ ഞങ്ങൾ കളിക്കുന്ന സ്ഥാനങ്ങളുടെ വ്യത്യാസമെങ്കിലും പരിഗണിക്കേണ്ടേ? മിക്കവർക്കും അതൊന്നും പ്രശ്നമല്ല. അവർ ഇത്തരം ഘടകങ്ങളൊന്നും ഗൗനിക്കാതെ എന്റെ ചെലവിൽ ട്രോളുകളുണ്ടാക്കുകയാണ്’ – വിജയ് ശങ്കർ വ്യക്തമാക്കി.

അമ്പാട്ടി റായുഡുവുമായി വ്യക്തിപരമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യത്തിന് താരത്തിന്റെ ഉത്തരം ഇതായിരുന്നു- ‘ഞങ്ങൾ കാണുമ്പോഴെല്ലാം പതിവുപോലെ മിണ്ടാറുണ്ട്. ഞങ്ങൾക്കിടയിൽ വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. അദ്ദേഹത്തിന്റെ (ത്രീഡി) ട്വീറ്റ് വൈറലായി എന്നേയുള്ളൂ. അതിന്റെ പേരിൽ എനിക്ക് അദ്ദേഹത്തോടു യാതൊരു പ്രശ്നവുമില്ല. അടുത്തിടെ ഡൽഹിയിൽ വച്ച് ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു. അന്നും ഞങ്ങൾ ഒരുപാടു സംസാരിച്ചു’ – വിജയ് ശങ്കർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com