‘ടീമിൽ വീണ്ടും കയറിക്കൂടാൻ അയാൾ ബ്ലാക്ക്മെയിൽ ചെയ്യുകയാണ് ‘- മുഹമ്മദ് ആമിറിനെതിരെ ​ഗുരുതര ആരോപണവുമായി മുൻ താരം

‘ടീമിൽ വീണ്ടും കയറിക്കൂടാൻ അയാൾ ബ്ലാക്ക്മെയിൽ ചെയ്യുകയാണ് ‘- മുഹമ്മദ് ആമിറിനെതിരെ ​ഗുരുതര ആരോപണവുമായി മുൻ താരം
ഫോട്ടോ: ട‌്വിറ്റർ
ഫോട്ടോ: ട‌്വിറ്റർ

കറാച്ചി: പാകിസ്ഥാൻ ക്രിക്കറ്റ് ബോർ‍ഡിനെതിരെ തുടരെ പ്രസ്താവനകളുമായി മാധ്യമങ്ങൽക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിറിനെ വിമർശിച്ച് മുൻ താരം ഡാനിഷ് കനേരിയ. പാക് ടീമിൽ തിരിച്ചെത്താനുള്ള ആമിറിന്റെ ശ്രമമാണ് ഇത്തരം തുടരെയുള്ള പ്രസ്താവനകളെന്ന് സംശയിക്കുന്നതായി കനേരിയ തുറന്നടിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ബ്ലാക്ക്മെയിൽ ചെയ്ത് ദേശീയ ടീമിൽ തിരിച്ചെത്താനുള്ള ശ്രമമാണ് മുഹമ്മദ് ആമിർ നടത്തുന്നതെന്നാണ് കനേരിയയുടെ വിമർശനം. വാതുവയ്പ്പിൽ പെട്ടിട്ടും ആമിറിനെ ടീമിലേക്ക് തിരിച്ചു വിളിച്ചവരാണ് പാര് ബോർഡ് അധികൃതരെന്നും കനേരിയ ചൂണ്ടിക്കാട്ടുന്നു. 

അർഹിക്കുന്ന ബഹുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് വിരമിച്ചതെന്ന് ആമിർ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. യുവതാരങ്ങൾക്ക് മതിയായ അവസരം ഉറപ്പാക്കി അവരെ വളർത്തിയെടുക്കുന്നതിൽ പിസിബി വീഴ്ച വരുത്തുന്നുവെന്നും ആമിർ വിമർശനമുയർത്തിയിരുന്നു. ഇതിനെ പിന്നാലെയാണ് കനേരിയയുടെ രം​ഗപ്രവേശം.

‘മുഹമ്മദ് ആമിർ പറഞ്ഞതിനെ തിരുത്താനൊന്നും ‍ഞാനില്ല. എല്ലാവർക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. മറ്റുള്ളവരെ ബ്ലാക്ക്മെയിൽ ചെയ്ത് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താനാണ് ആമിറിന്റെ ശ്രമമെന്ന് എനിക്കു തോന്നുന്നു. പാകിസ്ഥാനിൽ നിന്ന് ഇംഗ്ലണ്ടിലേക്കു കുടിയേറാനും അവിടുത്തെ പൗരത്വം നേടാനും ഐപിഎലിൽ കളിക്കാനുമൊക്കെയുള്ള ആഗ്രഹം തുറന്നു പറഞ്ഞതിൽ തന്നെ എല്ലാം വ്യക്തം’.

‘വാതുവയ്പ്പ് വിവാദത്തിൽ അകപ്പെട്ടിട്ടും ദേശീയ ടീമിൽ വീണ്ടും ഇടം നൽകാൻ മാത്രം കാരുണ്യം കാണിച്ചവരാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലുള്ളതെന്ന് ആമിർ മറക്കരുത്. പക്ഷേ, കഴിഞ്ഞ ഒന്നര വർഷക്കാലമായി ആമിറിന്റെ പ്രകടനം തീർത്തും മോശമാണ്. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് സമ്മതിക്കുന്നു. പക്ഷേ, അതിനുശേഷം അദ്ദേഹത്തിന്റെ പ്രകടനം തീർത്തും മോശമായി’.

‘ഇനി ഈ മാനേജ്മെന്റിനൊപ്പം സഹകരിക്കാനില്ല എന്നാണ് ഒരിക്കൽ ടീമിനു പുറത്തായപ്പോൾ ആമിർ പറഞ്ഞത്. പ്രതിസന്ധി ഘട്ടത്തിൽ ആമിറിനെ കൈവിടാതിരുന്നവരാണ് അവരെന്ന് മറക്കരുത്. മിസ്ബ ഉൾ ഹഖ്, മുഹമ്മദ് ഹഫീസ് തുടങ്ങിയവരിൽ സമ്മർദ്ദം ചെലുത്തിയാണ് അവരുടെ പിന്തുണയോടെ ആമിറിനെ തിരികെ ടീമിലെത്തിച്ചത്. ചില കമന്റേറ്റർമാർ പോലും ആമിറിന് എതിരായിരുന്നു. കമന്ററി ഉപജീവന മാർഗമായതിനാൽ അവരി‍ൽ പലരും പിന്നീട് ആമിറിനെ പിന്തുണച്ചു’ – കനേരിയ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com