'പല രാത്രികളിലും ഞാന്‍ ഉറങ്ങിയില്ല; സമ്മര്‍ദ്ദവും ഉത്കണ്ഠയും എന്നെ വേട്ടയാടി'- സച്ചിന്‍

'ഇന്ത്യക്കായി കളിക്കുന്ന കാലത്ത് പല രാത്രികളിലും ഞാന്‍ ഉറങ്ങിയില്ല; സമ്മര്‍ദ്ദവും ഉത്കണ്ഠയും എന്നെ വേട്ടയാടി'- സച്ചിന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗതിയേയും ലോക ക്രിക്കറ്റിന്റെ ചരിത്രത്തേയും മാറ്റിയെഴുതിയ താരം ആരാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ഇന്ത്യന്‍ ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സജീവ ക്രിക്കറ്റില്‍ നിന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിരമിച്ച അദ്ദേഹം ഇപ്പോള്‍ ശ്രദ്ധേയമായൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തി. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന കാലത്ത് ഓരോ മത്സരത്തിന് ഇറങ്ങുമ്പോഴും സമ്മര്‍ദ്ദവും ഉത്കണ്ഠയും തന്നെ ബാധിച്ചിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മത്സരത്തിന് ഇറങ്ങും മുന്‍പ് എല്ലാ തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞാലും ഉത്കണ്ഠ തന്റെ ഉള്ളില്‍ വിടാതെ നില്‍ക്കുന്നുണ്ടാകും. യുഎന്‍അക്കാദമി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം കളിക്കുന്ന കാലത്തെ തന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്. 

ഒരു മത്സരത്തിനോ, പരമ്പരയ്‌ക്കോ മുന്‍പ് മാനസികമായി എത്രമാത്രം തയ്യാറെടുക്കണമെന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടാനായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ താന്‍ കടന്നു പോയ വഴികളെക്കുറിച്ച് വാചാലനായത്. 

'ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന കാലത്ത് എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ പോലും ഉണ്ടായിരുന്നു. ഒരു മത്സരത്തിനായി ശാരീരികമായി തയ്യാറെടുക്കുന്നതിനൊപ്പം, നിങ്ങള്‍ മാനസികമായും സ്വയം തയ്യാറാകണമെന്ന് ഞാന്‍ അക്കാലത്ത് സ്വയം അനുഭവിച്ച് തന്നെ മനസ്സിലാക്കി. എന്റെ മനസ്സില്‍ ഞാന്‍ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ മത്സരം ആരംഭിക്കുന്നു. എന്റെ ഉള്ളിലെ ഉത്കണ്ഠ ആ സമയങ്ങളില്‍ വളരെ ഉയര്‍ന്ന നിലയിലായിരുന്നു. പിന്നീട് ക്രമേണ അതിനെ ഉള്‍ക്കൊള്ളാന്‍ ഞാന്‍ പഠിച്ചു' - സച്ചിന്‍ പറഞ്ഞു. 

'മത്സരത്തിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണ് ഉത്കണ്ഠയും സമ്മര്‍ദ്ദവും എന്ന് ഞാന്‍ ഉള്‍ക്കൊള്ളാന്‍ പഠിച്ചു. ഉറങ്ങാന്‍ കഴിയുന്നില്ല എങ്കില്‍ സാരമില്ല എന്നും അതൊരു പ്രശ്‌നമല്ല എന്നും ഞാന്‍ സ്വയം വിശ്വസിച്ചു തുടങ്ങി. മനസിനെ ആ ഘട്ടങ്ങളില്‍ മറ്റ് വിഷയങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശീലിച്ചു'- അദ്ദേഹം വ്യക്തമാക്കി. കരിയറില്‍ ഏതാണ്ട് 10- 12 വര്‍ഷക്കാലം ഇത്തരം സമ്മര്‍ദ്ദങ്ങളിലൂടെ ഒക്കെ താന്‍ കടന്നു പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com