കിരീടമില്ലാതെ ബാഴ്സലോണ; മെസി പാരിസിലേയ്‌ക്കോ, മാഞ്ചസ്റ്ററിലേയ്‌ക്കോ?

കിരീടമില്ലാതെ ബാഴ്സലോണ; മെസി പാരിസിലേയ്‌ക്കോ, മാഞ്ചസ്റ്ററിലേയ്‌ക്കോ?
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീട പോരാട്ടത്തില്‍ നിന്ന് ബാഴ്‌സലോണ പുറത്തായതോടെ ഇതിഹാസ താരം ലയണല്‍ മെസിയുടെ ക്ലബിലെ ഭാവി സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമായി. സീസണില്‍ ഒരു കീരിടവുമില്ലാതെ കറ്റാലന്‍ സംഘം തല കുമ്പിട്ട് നില്‍ക്കുമ്പോള്‍ ലാ ലിഗ കിരീട പോരാട്ടം മാഡ്രിഡ് ടീമുകള്‍ തമ്മിലായി.  

കിരീടം നേടാമെന്ന പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായ പോരാട്ടത്തില്‍ ബാഴ്‌സലോണ സ്വന്തം തട്ടകമായ നൗ കാംപില്‍ സെല്‍റ്റ വിഗോയ്‌ക്കെതിരെ 2-1ന് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതോടെ അവരുടെ ആശകള്‍ക്കും തിരശ്ശീല വീണു. റയല്‍ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും നിര്‍ണായക പോരാട്ടം വിജയിച്ചതോടെ ഇരു ടീമുകളില്‍ കിരീടം ആര്‍ക്ക് എന്ന് മാത്രമാണ് ഇനി തീരുമാനിക്കപ്പെടാന്‍ ഉള്ളത്. ഒരു റൗണ്ട് മത്സരം മാത്രം ബാക്കിയുള്ളപ്പോള്‍ കിരീടപ്പോര് അവസാന ലാപ്പിലേക്ക് കടന്നു.  37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അത്ലറ്റിക്കോ 83 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇത്രയും തന്നെ മത്സരങ്ങള്‍ കളിച്ച റയലിന് 81 പോയിന്റാണുള്ളത്. ബാഴ്സ 76 പോയിന്റോടെ മൂന്നാമതാണ്. 

ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ഈ സീസണില്‍ നേട്ടങ്ങളൊന്നുമില്ലാതെ വന്നതോടെയാണ് ലയണല്‍ മെസി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമായത്. കഴിഞ്ഞ സീസണില്‍ തന്നെ താരം ബാഴ്‌സലോണയില്‍ നിന്ന് പടിയിറങ്ങുമെന്ന നില വന്നിരുന്നു. പിന്നീട് ഒരു സീസണ്‍ കൂടെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവ ഒരു കിരീട നേട്ടമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ താരം തുടര്‍ന്നേനെ. എന്നാല്‍ ആ പ്രതീക്ഷയും അവസാനിച്ചതോടെയാണ് മെസിയുടെ ക്ലബ് മാറ്റം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. പാരിസ് സെന്റ് ജെര്‍മെയ്ന്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളില്‍ ഏതാവും മെസി തിരഞ്ഞെടുക്കുക എന്ന ചര്‍ച്ചകളും വീണ്ടും സജീവമായി. 

ബാഴ്‌സലോണയുമായുള്ള അര്‍ജന്റൈന്‍ താരത്തിന്റെ കരാര്‍ ഈ വര്‍ഷം ജൂണ്‍ 30ന് അവസാനിക്കും. അതിന് ശേഷമായിരിക്കും തുടര്‍ന്ന് നില്‍ക്കണോ വേണ്ടയോ എന്ന തീരുമാനം. 

മത്സര ശേഷം പരിശീലകന്‍ റൊണാള്‍ഡോ കോമാനും പക്ഷേ മെസി ക്ലബില്‍ തുടരുമെന്ന പ്രതീക്ഷ തന്നെയാണ് പങ്കിട്ടത്. മെസി ബാഴ്‌സലോണയ്ക്കായി നൗ കാംപിലെ അവസാന മത്സരം കളിച്ചു എന്ന തോന്നല്‍ തനിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോച്ചിന്റെ പ്രതികരണം. അദ്ദേഹം ക്ലബില്‍ തുടരുക തന്നെ വേണമെന്നാണ് താനടക്കമുള്ളവര്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്. ലിയോ ടീമില്‍ ഇല്ലെങ്കില്‍ ആര് ഞങ്ങള്‍ക്ക് വേണ്ടി ഗോള്‍ നേടുമെന്നും കോമാന്‍ പ്രതികരിച്ചു. 

സെല്‍റ്റക്കെതിരെ ബാഴ്‌സയ്ക്ക് ആദ്യം ലീഡ് സമ്മാനിച്ചത് മെസി തന്നെയാണ്. പിന്നീട് ടീം രണ്ട് ഗോളുകള്‍ വഴങ്ങുകയായിരുന്നു. ക്ലബിന് റെക്കോര്‍ഡ് ഗോള്‍ നേട്ടം സ്വന്തമാക്കിയിട്ടുള്ള മെസി ആപട്ടികയിലേക്ക് മറ്റൊരു ഗോള്‍ ചേര്‍ത്തത് മാത്രമാണ് അവര്‍ക്ക് കളിയില്‍ നിന്ന് കിട്ടിയ സന്തോഷ നിമിഷം. ക്ലബിനായി താരത്തിന് 672ാം ഗോളാണ് സ്വന്തം തട്ടകത്തില്‍ പിറന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com