ഗുസ്തി താരത്തിന്റെ കൊലപാതകം; ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജമ്യാപേക്ഷ കോടതി തള്ളി
By സമകാലിക മലയാളം ഡെസ്ക് | Published: 18th May 2021 05:28 PM |
Last Updated: 18th May 2021 05:30 PM | A+A A- |

ഫോട്ടോ: എഎൻഐ
ന്യൂഡല്‍ഹി: ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. ഒളിവില്‍ കഴിയുന്ന താരത്തിനായി ഡല്‍ഹി പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് താരം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യനായ സാഗര്‍ റാണ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സുശീല്‍ അടക്കമുള്ളവര്‍ ഒളിവില്‍ പോയത്. മെയ് നാലാം തീയതിയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം. ഇതില്‍ സുശീല്‍കുമാറിന് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് താരം ഒളിവില്‍ പോയത്. താരം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായാണ് പൊലീസിന് നേരത്തെ വിവരം ലഭിച്ചത്. പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പിന്നാലെ സുശീല്‍ കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. താരത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പൊലീസ് അറിയിച്ചത്. താരത്തിനെതിരെ ഒന്നിലധികം പേരുടെ സാക്ഷി മൊഴികള്‍ ഉണ്ടെന്നും മറ്റ് ഗുസ്തി താരങ്ങള്‍ക്ക് മുന്നില്‍ സാഗര്‍ റാണ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.